രാംപൂര്‍(യു.പി): ബലാത്സംഗത്തിനിരയായ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന്‍.

രാംപൂര്‍ ഗന്‍ജ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് സഹായത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയത്. തന്നെ ബലാത്സംഗം ചെയ്തവര്‍ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും അവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.


Dont Miss യുവമോര്‍ച്ച നേതാവിന്റെ കൊടുങ്ങല്ലൂരിലെ വീട്ടില്‍ റെയ്ഡ്: കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവും കണ്ടെത്തി


എന്നാല്‍ പരാതി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായിരുന്നു ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടത്. ഇതിനായി അയാള്‍ താമസിക്കുന്ന സ്ഥലത്തേക്ക് ഒറ്റക്ക് ചെല്ലാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ചതോടെ അന്ന് വൈകുന്നേരം തന്നെ കേസന്വേഷണം അവസാനിപ്പിച്ചതായി കാണിച്ച് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നെന്നും യുവതി പറയുന്നു.

എന്നാല്‍ പരാതിയുമായി വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിയ യുവതി ഇന്‍സ്‌പെക്ടറുമായുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇതിന് ശേഷം പൊലീസ് സൂപ്രണ്ടിനെ സമീപിക്കുകയും ഇയാള്‍ക്കെതിരെ പരാതി നല്‍കുകയുമായിരുന്നു.

എസ്.ഐക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗന്‍ജ് സ്റ്റേഷന്‍ ഓഫീസറോട് ആവശ്യപ്പെട്ടതായി പൊലീസ് സൂപ്രണ്ട് സുധാ സിങ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ രാംപൂരില്‍ ഈ വര്‍ഷമാദ്യം ബലാത്സംഗത്തിനിരയായ 37കാരിക്കാണ് പൊലീസില്‍ നിന്ന് കൂടി ദുരനുഭവമുണ്ടായത്. ഫെബ്രുവരി 12ന് ബന്ധുവീട്ടില്‍ പോയി വരും വഴിയാണ് ഇവരെ പരിചയമുള്ള ഒരാളടക്കം രണ്ടു പേര്‍ ബലാത്സംഗം ചെയ്തത്.