എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി പ്രവര്‍ത്തകരെ നടുറോഡില്‍ ‘കൈകാര്യം’ ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി യോഗി ആദിത്യനാഥിന്റെ പ്രതികാര നടപടി
എഡിറ്റര്‍
Sunday 2nd July 2017 11:24am

ബുലന്ദ്ശ്വര്‍: പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച ബി.ജെ.പി പ്രവര്‍ത്തകരെ നടുറോഡില്‍ പാഠംപഠിപ്പിച്ച യു.പിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ബുലന്ദ്ശ്വറിലെ സയാന സര്‍ക്കിളിലെ പൊലീസ് ഉദ്യോഗസ്ഥയായ ശ്രേഷ്ഠാ താക്കൂറിനേയാണ് ബഹ്‌റൈച്ചിലേക്ക് സ്ഥലംമാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുത്തേ തീരൂവെന്ന ബി.ജെ.പി നേതാക്കളുടെ കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

വിഷയത്തില്‍ പതിനൊന്നോളം ബി.ജെ.പി എം.എല്‍.എമാരും എം.പിയും ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിട്ടത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും സഭ്യമല്ലാത്ത ഭാഷയിലാണ് പൊലീസ് ഉദ്യോസ്ഥ സംസാരിച്ചതെന്നാണ് ബി.ജെ.പി സിറ്റി പ്രസിഡന്റ് മുകേഷ് ഭരദ്വാദിന്റെ ആരോപണം.


നിങ്ങള്‍ ബി.ജെ.പിയുടെ ഗുണ്ടകളാണ്; പരാതിയുണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് പോയി പറയൂ: ബി.ജെ.പി നേതാക്കളെ നടുറോഡില്‍ ‘കൈകാര്യം’ ചെയ്ത് യു.പിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ


ജൂണ്‍ 22 നായിരുന്നു ബി.ജെ.പിയുടെ ജില്ലാ തല നേതാവായ പ്രമോദ് ലോധിയെ വേണ്ടത്ര രേഖകളില്ലാതെ വാഹനം ഓടിച്ചതിന്റെ പേരില്‍ പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനോട് അപമര്യാദയായി പെരുമാറുകയും ഇതിന് പിന്നാലെ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസിനെതിരെ മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നടുറോഡില്‍ ഇറങ്ങുകയും ചെയ്തു.

എന്നാല്‍ സംഭവ സ്ഥലത്തെത്തിയ സര്‍ക്കിള്‍ ഓഫീസറായ ശ്രേഷ്ഠാ താക്കൂര്‍ പ്രവര്‍ത്തകര്‍ക്ക് ‘കണക്കിന് മറുപടി നല്‍കുകയായിരുന്നു. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Dont Miss ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുസ്‌ലീം വ്യാപാരിയെ അടിച്ചുകൊന്ന കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍


നിങ്ങള്‍ ആദ്യം നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്തൂപോകൂ. എന്നിട്ട് വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് എഴുതി വാങ്ങിക്കൊണ്ടുവരൂ. അല്ലാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ വാക്കുകള്‍. അര്‍ധരാത്രിയില്‍ പോലും കുടുംബം വിട്ട് തങ്ങള്‍ വരുന്നത് തമാശയ്ക്കല്ലെന്നും ജോലി ചെയ്യാനാണെന്നും ഉദ്യോഗസ്ഥ പറഞ്ഞിരുന്നു.

നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പാര്‍ട്ടിയുടെ പേര് മോശമാക്കുന്നതെന്നും അധികം വൈകാതെ തന്നെ നിങ്ങളെ ബി.ജെ.പിയുടെ ഗുണ്ടകള്‍ എന്ന് ആളുകള്‍ വിളിച്ചോളുമെന്നുകൂടി ഉദ്യോഗസ്ഥ പറഞ്ഞിരുന്നു.

പൊലീസ് ഉദ്യോഗസ്ഥയുടെ മറുപടി കേട്ട് അന്ധാളിച്ചു നില്‍ക്കാനേ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. ചുറ്റും കൂടി നിന്ന ബി.ജെ.പിക്കാര്‍ക്ക് നടുവില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയായ ഇവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രവര്‍ത്തകര്‍ ഇടക്കിടെ മുദ്രാവാക്യം വിളിക്കുമ്പോഴും അത് കേട്ട് ഒരു ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന ശ്രേഷ്ഠാ താക്കൂറിനെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍മീഡിയയിയല്‍ രംഗത്തെത്തിയിരുന്നു.

Advertisement