എഡിറ്റര്‍
എഡിറ്റര്‍
ഉണ്ണിന്‍ത്താന്‍ വധശ്രമക്കേസ്: ചാനല്‍ ചര്‍ച്ചകള്‍ ആരെ രക്ഷിക്കാന്‍?
എഡിറ്റര്‍
Wednesday 18th April 2012 4:10pm

 

ഹരീഷ് വാസുദേവന്‍

ണ്ണിത്താന്‍ വധശ്രമ കേസില്‍ സി.ബി.ഐ അന്വേഷണത്തോടെ മുന്‍പ് കേസന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി റഷീദ് തന്നെ പ്രതിയായി. കോടതിയില്‍ പ്രതിയുടെ നവരസ അഭിനയം കൂടിയായപ്പോള്‍ അവന്‍ പ്രതിയാണെന്ന് ജനം ഏതാണ്ട് ഉറപ്പിച്ചു. പോലീസിലെ ക്രിമിനല്‍വല്‍ക്കരണം എന്ന സ്ഥിരം ടാഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ന്യൂസ് അവറില്‍ പ്രാധാന്യത്തോടെ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്തു. ‘വളരെ ഗൗരവമുള്ളതാണ്, ഭയപ്പെടുത്തുന്നതാണ്, അന്വേഷിക്കേണ്ടതാണ്’ തുടങ്ങിയ വി.എം സുധീരന്റെ ‘സര്‍ക്കാരി’നെതിരായ ജനറല്‍ അടികള്‍, (അതില്‍ ഉമ്മന്‍ചാണ്ടിക്ക് ഏറെ പുകഴ്ത്തലും) അഡ്വ.കാളീശ്വരം രാജിന്റെയും അഡ്വ. പി.ജി തമ്പിയുടെയും നിയമസംബന്ധിയായ താത്വിക അവലോകനങ്ങള്‍ .

വില്ലന്മാര്‍ക്ക് മുഖമോ രൂപമോ ഇല്ലാത്ത ചര്‍ച്ച. ചര്‍ച്ച അവസാനിച്ചപ്പോഴും ഈ കേസില്‍ ആരാണ് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതെന്നോ ആര് എന്താണ് ചെയ്യേണ്ടതെന്നോ പ്രേക്ഷകന് ഒരു പിടിയും കിട്ടിയില്ല. ഇങ്ങനെ ഇതും പിടിയുമില്ലാതെ താത്വിക അവലോകനം മാത്രമായി ചര്‍ച്ച നടത്തുന്നതില്‍ ചാനലിനു വല്ല താല്‍പ്പര്യവും കാണുമോ?

വീരേന്ദ്രകുമാറിന്റെ സമ്മര്‍ദ്ദം മൂലം കേസന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത് കോടിയേരി ബാലകൃഷ്ണന്‍ ആണ്. സന്തോഷ് മാധവന്‍ കേസില്‍ സസ്‌പെന്‍ഷനിലായ സാം ക്രിസ്റ്റി ഡാനിയേല്‍ ആണ് അന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെ അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത്. പിന്നീട് ഉമ്മന്‍ചാണ്ടി വന്നപ്പോള്‍ അയാളുടെ സ്ഥലം മാറ്റം പോലും റദ്ദാക്കി അന്വേഷണ ചുമതല നല്‍കുകയായിരുന്നു. അന്നേ ഇത് പലരും ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കിയത് നിരവധി ആരോപണങ്ങള്‍ നിലവിലുള്ള ഐ.ജി ശ്രീജിത്താണ്. ശ്രീജിത്തും സാം ക്രിസ്റ്റിയും വിചാരിക്കാതെ ഇപ്പോള്‍ പ്രതിയായ റഷീദ് ഈ കേസില്‍ നിന്നും രക്ഷപ്പെടില്ലെന്ന് ഉറപ്പാണെന്ന് ആക്ഷേപം നിലവിലുണ്ട്.

റഷീദിന്റെ പങ്കിനെപ്പറ്റി മുഖ്യപ്രതി വിളിച്ചു പറഞ്ഞിട്ടും അന്വേഷണം ആ വഴിക്ക് തിരിക്കാതെ റഷീദിനെ രക്ഷപ്പെടാന്‍ സഹായിച്ചവരില്‍ ശ്രീജിത്തിന്റെയും സാം ക്രിസ്റ്റിയുടെയും റോള്‍ നിര്‍ണ്ണായകമാണെന്ന് വേണം കരുതാന്‍. എന്തായിരുന്നു ഈ കേസില്‍ ശ്രീജിത്തിന്റെ നിലപാട്? ഒക്ടോബര്‍ എട്ടാം തീയതി ഇറങ്ങിയ പച്ചക്കുതിരയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ‘അന്വേഷണത്തില്‍ തൃപ്തനല്ലേ’ എന്ന ചോദ്യത്തിന് വി.ബി ഉണ്ണിത്താന്‍ ഇങ്ങനെ പറയുന്നു.

‘ഒരു വസ്തുത പറയാം. അന്വേഷണ ചുമതലയുള്ള ഡി ഐ ജി ശ്രീജിത്ത് ഇന്നുവരെ എന്നെ കാണുകയോ തെളിവെടുക്കുകയോ ചെയ്തിട്ടില്ല. അതെന്തുകൊണ്ടാണ്? നേരിട്ട് പോകട്ടെ, ഒരുവട്ടം ഫോണില്‍ വിളിച്ചുപോലും കേസ്‌സംബന്ധമായി ഒരു വിവരവും തിരക്കിയിട്ടില്ല. കണ്ടെയ്‌നര്‍ സന്തോഷിനെ അറസ്റ്റ് ചെയ്തപ്പോള്‍, തന്നെ ഈ പണി ഏല്‍പിച്ച രണ്ടുപോലീസുകാരുടെ പേര് മാധ്യമങ്ങളോട് അയാള്‍ പറഞ്ഞിരുന്നു. ഒന്ന് സന്തോഷ് നായരാണ്. എന്നാല്‍ രണ്ടാമത്തെ ആളെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്തിട്ടുമില്ല. എന്തുകൊണ്ട് ഈ ഉദ്യോഗസ്ഥനെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, എന്തുകൊണ്ട് സംരക്ഷിക്കുന്നു എന്നത് അന്വേഷിക്കാവുന്നതേയുള്ളൂ.’

കേസന്വേഷനത്തിലെ അട്ടിമറി സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തുമ്പോള്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ട പേരുകളില്‍ ഒന്ന് ശ്രീജിത്ത് ഐ.പി.എസിന്റെതാണ്. രണ്ടാമത്തേത് സാം ക്രിസ്റ്റിയുടെതും. എന്തുകൊണ്ടാവും ഏഷ്യാനെറ്റ് അത് വിസ്മരിച്ചത്? അതോ അവരത് മറച്ചു വെച്ചതാണോ? അതോ ചര്‍ച്ചയ്ക്കു വിളിച്ചിട്ട് ബന്ധപ്പെട്ട പോലീസുകാര്‍ പ്രതികരിക്കാത്തതാണോ? ആണെങ്കില്‍ അതെന്തുകൊണ്ട് പ്രേക്ഷകരെ അറിയിച്ചില്ല? പോലീസുമായി ബന്ധപ്പെട്ട മിക്ക ചര്‍ച്ചകളിലും പോലീസ് യൂണിഫോമില്‍ ഏഷ്യാനെറ്റ് സ്റ്റുഡിയോവില്‍ എത്തി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളാണ് ശ്രീജിത്ത് ഐ.പി.എസ്. ചാനലും അദ്ദേഹവും തമ്മില്‍ അത്ര നല്ല ബന്ധമാണെന്നു വേണം പ്രേക്ഷകര്‍ കരുതാന്‍.

അപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ശ്രീജിത്തിനെ ഉള്‍പ്പെടുത്താതെ, അതിലേക്കു ചര്‍ച്ചയെ കൊണ്ടുപോകാതെ ഉപരിപ്ലവമായ, ആരുമാരും പ്രതിയാകാത്ത ചര്‍ച്ച നയിച്ച് പരിസമാപ്തിയില്‍ എത്തിച്ചത് ആര്‍ക്കു വേണ്ടിയാണ്? ചര്‍ച്ചയില്‍ ഉണ്ടായ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും ഒന്നും കാണാതെയല്ല ഈ വിമര്‍ശനം. പ്രതിയുടെ മുഖമില്ലാത്ത താത്വിക അവലോകനങ്ങള്‍ കൊണ്ട് പരിഹരിക്കാവുന്നതിലും മോശമാണ് പോലീസിലെ ക്രിമിനല്‍വല്‍ക്കരണം. അതില്‍ ഉള്‍പ്പെട്ടവര്‍, കൂട്ട് നിന്നവര്‍, ആരോപണ വിധേയര്‍ എല്ലാം മാധ്യമ കോടതിയില്‍ വിചാരണ ചെയ്യപ്പെടണം. അത് ചെയ്യാതെ നടത്തുന്ന മാധ്യമ പാഴ്ശ്രമങ്ങള്‍ സത്യം മൂടിവെക്കാനെ ഉപകരിക്കൂ.. ഇനിയെങ്കിലും ചാനല്‍ ചര്‍ച്ചകള്‍ ശരിയാ വഴിക്ക് പോകട്ടെയെന്നു ആശിക്കുന്നു.

Advertisement