എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ യുവനിരയിലെ പുത്തന്‍ ഉദയം: ഉന്മുക്ത് ചന്ദ്
എഡിറ്റര്‍
Monday 27th August 2012 11:28am

ടൗണ്‍സ്‌വില്‍: ഇന്ത്യന്‍ യുവക്രിക്കറ്റിലെ ഇപ്പോഴത്തെ താരം ദല്‍ഹിക്കാരനായ ഉന്മുക്ത് ചന്ദാണ്. ഓസ്‌ട്രേലിയയിലെ ടൗണ്‍സ്‌വിലില്‍ ആതിഥേയരെ അട്ടിമറിച്ച് ലോകകിരീടവുമായി നാട്ടിലേക്ക് വരാന്‍ ഒരുങ്ങുന്ന അണ്ടര്‍-19 ടീമിന്റെ മുന്‍പന്തിയിലുള്ള ഉന്മുക്തിന്റെ പ്രകടനത്തില്‍ എല്ലാവരും സന്തോഷത്തിലാണ്.

Ads By Google

മുന്‍പ് അണ്ടര്‍-19 ലോകകിരീടം നേടിയ വിരാട് കോഹ്‌ലിയോടാണ് സകലരും ഈ പത്തൊന്‍പതുകാരനെ ഉപമിക്കുന്നത്. രൂപ സാദൃശ്യത്തിലും ഷോട്ടുകളിലും കോഹ്‌ലിയുമായി ഏറെ സാമ്യമുണ്ട് ഈ താരത്തിന്.

ഈ വരുന്ന ഐ.പി.എല്ലില്‍ ഉന്മുക്ത് കളിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമില്‍ അംഗമാണ് ഉന്മുക്ത്.

സച്ചിന്റെ ആരാധകനായ ഉന്മുക്തിന് ഏറ്റവും ഇഷ്ടം സ്‌ക്വയര്‍ കട്ടുകളോടാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധന തോന്നിയത് സച്ചിനോടാണെന്ന് ഉന്മുക്ത് തുറന്ന് പറഞ്ഞു കഴിഞ്ഞു.

ദല്‍ഹി അണ്ടര്‍-15, അണ്ടര്‍-16, അണ്ടര്‍-19 ടീമുകളില്‍ കളിച്ചാണ് ഉന്മുക്ത് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ദല്‍ഹി അണ്ടര്‍-19 ടീമിന് വേണ്ടി നേടിയ 435 റണ്‍സ് രഞ്ജി നിരയില്‍ ഇടമുണ്ടാക്കി. ദല്‍ഹി അണ്ടര്‍-19 ടീമിന്റെ ക്യാപ്റ്റനായതിന് പുറമേ നോര്‍ത്ത് സോണ്‍ ടീമിന്റെയും അമരക്കാരനായി.

ഉന്മുക്തിന്റെ യഥാര്‍ഥ ദേശം ഉത്തരാഖണ്ഡിലെ പിതോറഗഢ് ജില്ലയിലെ ഖാഡ്കു ബാല്യ ഗ്രാമമാണ്. പിതാവിന്റെ ജോലി ആവശ്യത്തിനായി ദല്‍ഹിയില്‍ എത്തിയതാണ് കുടുംബം. ഉന്മുക്ത് ജനിച്ചതും വളര്‍ന്നതുമെല്ലാം ദല്‍ഹിയില്‍ തന്നെയാണ്.

ആറാം വയസ്സില്‍ ക്രിക്കറ്റ് കളി തുടങ്ങിയ ഉന്മുക്തിനെ ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ കൈപിടിച്ചുയര്‍ത്തിയത് അമ്മാവന്‍ സുന്ദര്‍ചന്ദ് താക്കൂര്‍ ആണ്. ഗൗതം ഗംഭീറിന്റെ പരിശീലകനായിരുന്ന സഞ്ജയ് ഭരദ്വാജിന്റെ കീഴിലാണ് ഉന്മുക്തും പരിശീലനം നടത്തുന്നത്.

Advertisement