ന്യൂദല്‍ഹി: ആവശ്യത്തിന് ഹാജര്‍ ഇല്ലാതിരുന്നതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം നായകന്‍ ഉന്‍മുക്ത് ചന്ദിന് രണ്ടാം വര്‍ഷത്തിലേയ്ക്ക്‌ കയറ്റം നല്‍കി.

Ads By Google

കേന്ദ്ര മന്ത്രി കപില്‍ സിബലിന്റെ ഇടപെടലിനെത്തുടര്‍ന്ന് ദല്‍ഹി സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ദിനേഷ് സിങ് ആണ് ഇതിനുള്ള നിര്‍ദേശം കോളേജ് അധികൃതര്‍ക്ക്‌ നല്‍കിയത്.

സെന്റ് സ്റ്റീഫന്‍സ് കോളേജ് വിദ്യാര്‍ത്ഥിയായ ഉന്‍മുക്തിന് നിശ്ചിത ഹാജരില്ലാത്തതിനാല്‍ അധ്യയനകാലയളവില്‍ ഒരു വര്‍ഷം നഷ്ടപ്പെട്ടേക്കുമെന്ന സൂചനയുണ്ടായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ വല്‍സന്‍ തമ്പുവുമായി കപില്‍ സിബല്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

ഉന്മുക്തിന്റെ പഠനത്തിനായി വേണ്ട കാര്യങ്ങളെല്ലാം ചെയ്യാമെന്ന് സിബല്‍ ഇന്നലെ അറിയിച്ചിരുന്നു. ദേശീയ താത്പര്യങ്ങള്‍ കണക്കിലെടുത്ത്, ഇത്തരം സംഭവങ്ങളില്‍ ഇളവ് അനുവദിക്കുന്നതിന് പ്രത്യേക അധികാരം ഉപയോഗിക്കാന്‍ സര്‍വകലാശാല വിസിക്ക് കഴിയും വിധം സര്‍വകലാശാല ചട്ടങ്ങളില്‍ ഭേദഗതി ആവശ്യമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

അപര്‍വങ്ങളില്‍ അപൂര്‍വമായ കാര്യം എന്ന പരിഗണനയിലാണ് കഴിഞ്ഞ രണ്ട് സെമസ്റ്ററുകളിലെ പരീക്ഷകള്‍ അടുത്ത വര്‍ഷങ്ങളില്‍ എഴുതാന്‍ ഉന്‍മുക്തിന് അവസരം നല്‍കിയത്.

ഇത് ഇത്രയും വലിയ വിഷയം ആക്കേണ്ടതില്ലായിരുന്നെന്നും കോളേജ് അധികൃതരോ ഉന്‍മുക്തോ തന്നെ നേരത്തേ തന്നെ സമീപിച്ചിരുന്നെങ്കില്‍ പരിഹരിക്കാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളു എന്നും വൈസ്ചാന്‍സലര്‍ പറഞ്ഞു.