ഫേസ് ടു ഫേസ് : ഉന്മുക്ത് ചന്ദ്
മൊഴിമാറ്റം: ആര്യ.പി.രാജന്‍


ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ താരം ആരാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാവുന്ന പേരാണ് അണ്ടര്‍ 19 ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ്രിന്റേത്. കൃത്യവും കണിശവുമായി ബാറ്റിങ് ശൈലിയിലൂടെ സെഞ്ച്വറി നേടി ഇന്ത്യന്‍ ടീമിന്റെ കൈയ്യില്‍ അണ്ടര്‍ 19 ലോകകപ്പ് ഭദ്രമാക്കുന്നതില്‍ ഈ യുവതാരം വഹിച്ച പങ്ക് കുറച്ചൊന്നുമായിരുന്നില്ല.

Ads By Google

ലോകക്രിക്കറ്റിന് സച്ചിന്‍ ഉള്‍പ്പെടെയുള്ള പ്രതിഭകളെ സമ്മാനിച്ച ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി അണ്ടര്‍ 19 താരങ്ങളുടെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിക്കുന്നതായിരുന്നു അണ്ടര്‍ 19 ടീമിന്റെ ലോകകപ്പ് പ്രകടനം.

ഈ കിരീടനേട്ടത്തോടെ അണ്ടര്‍ 19 ലോകകപ്പില്‍ മൂന്ന് തവണ മുത്തമിടുന്ന ടീമെന്ന ഖ്യാതി ഓസ്‌ട്രേലിയക്കൊപ്പം ഇന്ത്യക്കും സ്വന്തമായി. 2000ല്‍ മുഹമ്മദ് കൈഫിന്റെ നായകത്വത്തില്‍ ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ കൗമാരത്തെ വീണ്ടും കപ്പിലേക്കടുപ്പിച്ചത് 2008ല്‍ വിരാട് കോഹ്‌ലിയും കൂട്ടരുമായിരുന്നു.

ദല്‍ഹി ഡെയര്‍ ഡെവിള്‍സിനായി ഐ.പി.എല്ലില്‍ ഇറങ്ങിയിട്ടുള്ള ഉന്മുക്ത് ചന്ദ് ഭാവി ഇന്ത്യന്‍ ടീമിന് പ്രതീക്ഷ അര്‍പ്പിക്കാവുന്ന ഒരു താരമാണ്. മികച്ചൊരു സ്പിന്‍ ബൗളര്‍ കൂടിയാണ് ഈ താരം എന്നത് ഭാവിയില്‍ ഇന്ത്യക്ക് മുതല്‍ കൂട്ടാകും എന്നതില്‍ തര്‍ക്കമില്ല.

ടീമിന്റെ വിജയത്തെക്കുറിച്ചും തന്റെ സംഭാവനയെക്കുറിച്ചും ഉന്മുക്ത് സംസാരിക്കുന്നു…

താങ്കളുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയ്ക്കായി ലോകകപ്പ് നേടിയിരിക്കുന്നു, മത്സരത്തെ എങ്ങനെ വിലയിരുത്തുന്നു ?

ലോകകപ്പ് നേടുകയെന്ന് പറയുന്നത് തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്. എന്റെ കരിയറില്‍ തന്നെ ഏറ്റവും നല്ല സമയമാണ് ഇത്. എന്നാല്‍ ലോകകപ്പ് നേടിയതിന്റെ ക്രഡിറ്റ് എനിയ്ക്ക് മാത്രമാണെന്ന് വിശ്വസിക്കുന്നില്ല. ഫൈനലില്‍ നന്നായി കളിക്കാന്‍ സാധിച്ചിരുന്നു. ടീം ഒന്നടങ്കം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവരുടെയെല്ലാം പരിശ്രമം ഇല്ലായിരുന്നെങ്കില്‍ ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലായിരുന്നു.

താങ്കളുടെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ലോകകപ്പ് നേടിയതെന്നാണല്ലോ ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത് ?

എന്റെ ഓരോ ഇന്നിംഗ്‌സിനെ കുറിച്ചും അഭിപ്രായം പറയേണ്ടത് അവരാണ്. ഓരോ ഇന്നിംഗ്‌സും ഏറെ ശ്രദ്ധയോടെ നേരിടാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ മത്സരത്തിലാണ് ഞാന്‍ പങ്കെടുത്തത്. ഇത്രയും വലിയ വേദി ഇതുവരെ എനിയ്ക്ക് ലഭിച്ചിരുന്നില്ല. ഇത്തരത്തിലുള്ള അവസരങ്ങള്‍ ഓരോ കളിക്കാര്‍ക്കും വല്ലപ്പോഴും മാത്രമേ ലഭിക്കൂ. എന്നെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മത്സരമായിരുന്നു ഇത്. അതില്‍ നന്നായി കളിക്കാന്‍ സാധിച്ചെന്നാണ് കരുതുന്നത്. എന്റെ പ്രകടനം ടീമിനും എനിയ്ക്കും ഒരു പോലെ ഗുണം ചെയ്യുന്നതായിരുന്നു.

ഫൈനലില്‍ ടോസ് ലഭിക്കുന്നതിന്റെ പ്രാധാന്യം ?

ടോസ് ലഭിക്കുകയെന്ന് പറയുന്നത് വളരെ നിര്‍ണായകരമായ കാര്യമാണ്. എന്നാല്‍ അണ്ടര്‍ 19 മത്സത്തില്‍ പിച്ച് മികച്ചതായിരുന്നു. അത് ആദ്യം ബാറ്റ് ചെയ്താലും അവസാനം ബാറ്റ് ചെയ്താലും ഒരുപോലെ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ടോസിന് അത്രമാത്രം പ്രാധാന്യം ഉണ്ടായിരുന്നെന്ന് പറയാന്‍ കഴിയില്ല.

വ്യത്യസ്ത ടൂര്‍ണമെന്റുകളില്‍ നിന്നായി മൂന്ന് സെഞ്ച്വറികള്‍ നേടിയല്ലോ, ആക്‌സ്മികമായി സംഭവിച്ചതല്ലല്ലോ, എന്താണ് നേട്ടത്തെക്കുറിച്ച് പറയാനുള്ളത് ?

ഒരു ക്രിക്കറ്റര്‍ എന്ന നിലയ്ക്ക് എല്ലാ മത്സരത്തിലും നന്നായി കളിക്കാന്‍ സാധിക്കണമെന്നില്ല, എന്നാല്‍ എന്നെ സംബന്ധിച്ച് ഞാന്‍ മത്സരിച്ച എല്ലാ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും മികച്ച റണ്‍സ് നേടാന്‍ എനിയ്ക്ക് സാധിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് പല കളിയും ജയിപ്പിക്കാനുള്ള ഉത്തരവാദിത്തം എനിയ്ക്കാണെന്ന തോന്നലായിരിക്കാം ഒരുപക്ഷേ മികച്ച രീതിയിയില്‍ കളിക്കാന്‍ എനിയ്ക്ക് പ്രേരണയാവുന്നത്. എല്ലായ്‌പ്പോഴും നന്നായി കളിക്കാന്‍ സാധിക്കണം, അതിനായി എന്റെ കഴിവിന്റെ പരമാവധി എടുക്കും. മത്സരം എന്നും മികച്ചതായിരിക്കണം. അത് മാത്രമാണ് എന്റെ ലക്ഷ്യം.

ഇതുവരെ നേടിയ മൂന്ന് സെഞ്ച്വറികളും തകര്‍പ്പനായിരുന്നു, എങ്ങനെയാണ് ഓരോ ഇന്നിങ്‌സിനെയും കാണുന്നത്?

നന്നായി കളിക്കണമെന്ന തോന്നല്‍ മനസില്‍ ഉണ്ടാകുന്നത് വലിയൊരു ലക്ഷ്യം മുന്നില്‍ ഉള്ളത് കൊണ്ടാണ്. അണ്ടര്‍ 19 ലോകകപ്പ് എന്ന ലക്ഷ്യം ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്നതിനാല്‍ കഠിനമായി പരിശീലനമായിരുന്നു നടത്തിപ്പോന്നത്. ടൗണ്‍സ് വീല്‍ പോലുള്ള ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ച് ജയിക്കുകയെന്നത് അത്ര നിസാര കാര്യമല്ല. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നു. അതുകൊണ്ട് ആ ഒരു ആത്മവിശ്വാസം മനസില്‍ ഉണ്ടായിരുന്നു. അവരുടെ ബൗളേഴ്‌സിലെ അധികം പേരെയും അറിയാം. അവരുടെ കഴിവും കഴിവ്‌കേടും ഞാന്‍ നന്നായി മനസിലാക്കിയിരുന്നു. 225 എന്ന അവരുടെ ടാര്‍ഗറ്റ് മറികടക്കുകയെന്നത് അത്ര നിസാരമായിരുന്നില്ല, എന്നാല്‍ 45 ഓവര്‍ വരെ ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ വിജയം കൈപ്പിടിയിലൊതുക്കാമെന്ന വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ അവരുടെ റണ്‍സിനെ നിസാരമായി മറികടക്കാന്‍ ഞങ്ങള്‍ക്കായി.

വിരാട് കോഹ്‌ലിയുമായാണ് താങ്കളെ പലരും താരതമ്യപ്പെടുത്തുന്നത്. കോഹ്‌ലിയുമായി എന്തെങ്കിലും സാമ്യം തോന്നിയിട്ടുണ്ടോ ?

എനിയ്ക്ക് അങ്ങനെ തോന്നിയിട്ടില്ല, എന്നാല്‍ കോഹ്‌ലിയുമായി എന്നെ താരതമ്യം ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഒന്നടങ്കം വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കോഹ്‌ലി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം തന്റെ ബാറ്റിങ് ശൈലിയിലൂടെ ടീമിലുള്ള ഇരിപ്പിടം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് . ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തില്‍പ്പെടുത്താവുന്ന പ്രകടനമാണ് ഇപ്പോള്‍ അദ്ദേഹം കാഴ്ചവെയ്ക്കുന്നത്. വിദേശപര്യടനത്തിലായാലും ഇന്ത്യയില്‍ വെച്ച് നടക്കുന്ന മത്സരത്തിലായാലും അദ്ദേഹം മികച്ച രീതിയില്‍ കളിക്കുന്നത് കണ്ടിട്ടുണ്ട്. അദ്ദേഹത്തെപ്പോലെയാവാന്‍ ഞാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നാണ് തോന്നുന്നത്.

അണ്ടര്‍ 19 ലോകകപ്പ് നേടിയതിന് ശേഷം നിരവധി പേരുടെ അഭിനന്ദനങ്ങള്‍ കേട്ടുകാണും. എന്നാല്‍ വളരെ സര്‍പ്രൈസ് ആയി ആരെങ്കിലും വിളിച്ചിരുന്നോ ?

ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പ് യുവരാജ് സിങ് വിളിച്ചിരുന്നു, നന്നായി കളിക്കണമെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന കൂടെയുണ്ടെന്നും പറഞ്ഞു. ആ നിമിഷം എനിയ്ക്ക് ഏറെ സന്തോഷം തോന്നി. അദ്ദേഹത്തെപ്പോലൊരു താരത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നത് പോലും എന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. പിന്നെ മത്സരശേഷവും അദ്ദേഹം വിളിച്ച് അഭിനന്ദനം അറിയിച്ചു. ടീമിന്റെ പ്രകടവും എന്റെ പ്രകടനവും ഏറെ നന്നായെന്ന് പറഞ്ഞു. അല്പദിവസത്തിന് ശേഷം സുരേഷ് റെയ്‌ന വിളിച്ചു. മത്സരം അവര്‍ എല്ലാവരും കണ്ടിരുന്നെന്നും ടീമിന്റെ ജയത്തിനായി അവരെല്ലാം പ്രാര്‍ത്ഥിച്ചിരുന്നെന്നും പറഞ്ഞു. ഇന്ത്യന്‍ ടീമിലെ എല്ലാ താരങ്ങളും അഭിനന്ദനം അറിയിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും കേട്ടപ്പോള്‍ എനിയ്ക്ക് സന്തോഷമായി.

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കൂടെ ന്യൂസിലാന്റ് പര്യടനത്തിനായി താങ്കളെ തിരഞ്ഞെടുത്തിട്ടുണ്ടല്ലോ, സീനിയര്‍ ടീമിലേക്ക് ആദ്യമായാണ് താങ്കളെ തിരഞ്ഞെടുക്കുന്നത്, എന്തുതോന്നുന്നു?

ലോകകപ്പ് മത്സരം ഇപ്പോള്‍ കഴിഞ്ഞല്ലേ ഉള്ളൂ. കുറച്ചുനാള്‍ വീട്ടുകാര്‍ക്കൊപ്പം ചിലവഴിക്കണം, അതിന് ശേഷം ടീമിനൊപ്പം ജോയിന്‍ ചെയ്യും. അധികം സമ്മര്‍ദ്ദമൊന്നുമില്ലാതെ തന്നെ കളിക്കാന്‍ കഴിയുമെന്നാണ് എനിയ്ക്ക് തോന്നുന്നത്. എങ്കിലും ഏറെ പ്രതീക്ഷയോടെയാണ് മത്സരത്തെ നോക്കിക്കാണുന്നത്. ഇന്ത്യന്‍ സീനിയര്‍ ടീമിനൊത്ത് കളിക്കാന്‍ കഴിയുകയെന്നത് തന്നെ വലിയ കാര്യമാണ്. ഇനി പെര്‍ഫോര്‍മന്‍സ് നന്നാക്കാനാണ് എന്റെ ശ്രമം.

ഇയാന്‍ ചാപ്പല്‍ പറഞ്ഞത് ഒട്ടും വൈകാതെ താങ്കളെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ്, എന്താണ് പറയാനുള്ളത് ?

അദ്ദേഹത്തെപ്പോലൊരു താരം അങ്ങനെ പറഞ്ഞത് തന്നെ വലിയ കാര്യം. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നതാണ്, എന്നാല്‍ ആ കാര്യത്തോട് ഞാന്‍ യോജിക്കുന്നില്ല. കാരണം ഞാന്‍ കളിച്ച് തുടങ്ങുന്നേ ഉള്ളൂ. ഇനിയും ഒട്ടേറെ ദൂരം എനിയ്ക്ക് പിന്നിടാനുണ്ട്. ഇപ്പോള്‍ കളിക്കുന്ന രീതിയിലും ഒരുപക്ഷേ അതിനേക്കാള്‍ മികച്ച രീതിയിലും എനിയ്ക്ക് കളിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ സീനിയര്‍ ടീമിലേക്ക് പോവുന്നത് പ്രകടനത്തിന് അനുകൂലമാണെന്ന് തോന്നുന്നില്ല. എന്റെ പ്രകടനം ഇതേ രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ നിന്നും എന്നെ വിളിക്കുമെന്ന പ്രതീക്ഷയുണ്ട്. പക്ഷേ അതിനായി ഇനിയും ഞാന്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഐ.പി.എല്‍ ആണോ അതോ ഏകദിന, ടെസ്റ്റ് മത്സരങ്ങളാണോ  സഹായകരമാകുക?

ഇന്നത്തെ കാലത്ത് എല്ലാ ഫോര്‍മാറ്റിലും കളിക്കാനുള്ള കഴിവാണ് ഏതൊരു താരത്തിനും വേണ്ടത്.  ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ കളിച്ചാല്‍ മാത്രമേ ടീമില്‍ തിളങ്ങാന്‍ കഴിയുള്ളൂ എന്നൊന്നും ഇല്ല. ഐ.പി.എല്ലും ട്വന്റി-20 യും അണ്ടര്‍ 19 നും എല്ലാം ആസ്വദിച്ച് കളിക്കുന്ന ആളാണ് ഞാന്‍

കടപ്പാട്: സി.എന്‍.എന്‍