എഡിറ്റര്‍
എഡിറ്റര്‍
കാശ്മീര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മുംബൈ അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടും: ഇമ്രാന്‍ ഖാന്‍
എഡിറ്റര്‍
Thursday 8th November 2012 10:39am

ഗുര്‍ഗോണ്‍: ഇന്ത്യ-പാക് പ്രശ്‌നത്തിന്റെ മൂലകാരമായ കാശ്മീര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇനിയും മുംബൈ ആക്രമങ്ങള്‍ പോലുള്ളവ ആവര്‍ത്തിക്കപ്പെടാമെന്ന് മുന്‍ പാക് ക്രിക്കറ്റ് താരവും തഹ്‌രീക് -ഇ-ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍.

Ads By Google

തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ലോക സാമ്പത്തിക ചര്‍ച്ചാ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും സംയുക്തമായി പരിഹരിക്കണം. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശരിയായ മാര്‍ഗം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുകയാണ് വേണ്ടത്. ക്രിക്കറ്റ് പോലുള്ള മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഇമ്രാന്‍ ഖാന്‍ നിര്‍ദേശിച്ചു.

ഇരു രാജ്യങ്ങളും സംയുക്തമായി പ്രവര്‍ത്തിച്ചാല്‍, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാകുകയും ജനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിക്കുകയും ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അക്രമമാര്‍ഗത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടകമാവുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. ഇരു രാജ്യങ്ങളും കാശ്മീര്‍ വിഷയത്തില്‍ തുറന്ന സമീപനം സ്വീകരിക്കുകയാണ് വേണ്ടതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

തന്റെ പാര്‍ട്ടിയില്‍ മൂന്ന് മുന്‍ വിദേശകാര്യ മന്ത്രിമാരുണ്ടെന്നും ഇവരെല്ലാം തന്നെ കാശ്മീര്‍ വിഷയത്തില്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ സൂചിപ്പിച്ചു. വിശ്വാസമില്ലായ്മയാണ് ഇന്ത്യ-പാക് ബന്ധത്തിന്റെ പ്രധാന പ്രശ്‌നമെന്നും മുംബൈ ആക്രമണത്തോടുകൂടി ഇത് രൂക്ഷമായെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

‘ നമുക്ക് വേണ്ടത് സുദൃഢവും സുതാര്യവുമായ ബന്ധമാണ്. ഞങ്ങള്‍ അധികാരത്തിലെത്തിയാലുടന്‍ രാജ്യത്തെ തീവ്രവാദത്തെ ഉന്മൂലനം ചെയ്യാനാവും ശ്രമിക്കുക. ശക്തമായ ഭരണകൂടത്തിന് മാത്രമേ ഇത്തരം തീരുമാനങ്ങളെടുക്കാന്‍ കഴിയൂ. അത് ഇന്ത്യയുടെ കാര്യത്തിലായാലും അമേരിക്കയുടെ കാര്യത്തിലായാലും’. ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Advertisement