കാന്‍: രാജകുമാരി ഡയാനയുടെ മരണം കൊലപാതകമാണ്. രാജകൊട്ടാരം രൂപകല്‍പന ചെയ്ത കൊലപാതകം. ഒരു മുസ്ലീമിനെ പ്രണയിച്ചുവെന്ന കുറ്റത്തിനാണ് ഡയാനയെ കൊല്ലാന്‍ കൊട്ടാരത്തിലെ ഉപചാപക വൃന്ദം ഗൂഢാലോചന നടത്തിയത്, കാന്‍ ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിച്ച ‘അണ്‍ലാഫുള്‍ കില്ലിങ്’ എന്ന ഡോക്യുമെന്ററി ചിത്രം പറയുന്നു.

ഇതിനോടകം തന്നെ ‘അണ്‍ലാഫുള്‍ കില്ലിങ്  വിവാദമായി മാറിയിരുന്നു. ചിത്രത്തിന്റെ 87 ഭാഗങ്ങള്‍ മുറിച്ചുമാറ്റമാണെന്ന് ആവശ്യപ്പട്ടുകൊണ്ട് ബ്രിട്ടീഷ് അഭിഭാഷകര്‍ കോടതിയെ സമീപിച്ചിരുന്നു

രാജകുമാരിയുമായി പ്രണയത്തിലായ ദോദി ഫെയ്ദിന്റെ അച്ഛന്‍ മുഹമ്മദ് അല്‍ ഫെയ്ദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കീത്ത് അലനാണ് ചിത്രം സംവിധാനം ചെയ്തത്.

ബ്രിട്ടീഷ് രാജ്ഞി ‘കൊലപാതക സംഘത്തിന്റെ നേതാവാ’ണെന്ന് ചിത്രം ആരോപിക്കുന്നു. രാജകൊട്ടാരവുമായി ബന്ധം സ്ഥാപിക്കുന്നവര്‍ക്കുള്ള ഒരു താക്കീത് കൂടിയായിരുന്നു രാജകുമാരിയുടെയും ദോദിയുടെയും കൊലപാതകമെന്നും ചിത്രം പറയുന്നു.

വാഹനം ഓടിച്ചിരുന്നത് ഫ്രഞ്ച് രഹസ്യ പോലീസ് ചാരനായിരുന്നെന്നും അദ്ദേഹം കൊട്ടാരത്തിന്റെ ഉത്തരവ് പ്രകാരം സ്വയം മരണം വരിച്ചുകൊണ്ട് വാഹനം അപകടത്തില്‍പ്പെടുത്തുകയായിരുന്നെന്നുമാണ് ചിത്രം പറയുന്നത്. കാരണം ഒരു മുസ്ലിമില്‍ നിന്നും രാജകുമാരി ഗര്‍ഭം ധരിക്കരുതെന്ന് കൊട്ടാരത്തിന് നിര്‍ബന്ധമുണ്ടായിരുന്നത്രെ.

2.5 ദശലക്ഷം പൗണ്ട്‌ ചെലവഴിച്ചാണ് ഈ ഡോക്യുമെന്ററി ചിത്രമെടുത്തിരിക്കുന്നത്.

തന്റെ പാചകക്കാരന് എഴുതിയ ഒരു കത്ത് വായിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ചാള്‍സ് രാജകുമാരന്‍ തന്നെ വധിക്കാന്‍ ആസൂത്രണം നടത്തുന്നുണ്ടെന്ന് ആ കത്തില്‍ പറയുന്നു.

എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ 36 വയസ്സുകാരിയായിരുന്ന രാജകുമാരിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. ഈ അപകടവുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണവും നടന്നിട്ടില്ല. ഇതൊക്കെ ഗൂഢാലോചനയാണെന്ന നിഗമനത്തിന് കരുത്തു നല്‍കുന്നെന്ന് കീത്ത് അലന്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് പറഞ്ഞു.

എന്നാല്‍ ശക്തമായ വിമര്‍ശനങ്ങളാണ് ‘അണ്‍ലാഫുള്‍ കില്ലിങ്’ ഏറ്റുവാങ്ങിയത്. ‘ഡയാന: അന്ത്യ ദിനങ്ങള്‍’ എന്ന പുസ്തകമെഴുതിയ മാര്‍ടിന്‍ ഗ്രിഗോറി ‘പരിഹസിച്ചുതള്ളേണ്ട ഒന്നാ’യാണ് ചിത്രത്തെ വിശേഷിപ്പിച്ചത്. മെല്‍ ഗിബ്‌സന്റെ ‘ഗൂഢാലോചന സിദ്ധാന്ത’ത്തോടാണ് റാച്ചാര്‍ഡ് ഫ്രീഡ്മാന്‍ ഈ ചിത്രത്തെ താരതമ്യം ചെയ്തത്.