ന്യൂദല്‍ഹി: സാമ്പത്തിക നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ സേവന കമ്പനിയായ യൂണിനോറില്‍ നിന്നും പിന്മാറാന്‍ ഇന്ത്യന്‍ കമ്പനിയായ യൂണിടെക്ക് 750 കോടി രൂപ ആവശ്യപ്പെട്ടു. യൂണിനോറില്‍ യൂണിടെക്കിന്റെ പങ്കാളിയായ നോര്‍വീജിയന്‍ ടെലികോം കമ്പനി ടെലിനോറില്‍ നിന്നുമാണ് തുക ആവശ്യപ്പെട്ടിരിക്കുന്നത്.

യൂണിനോറില്‍ യൂണിടെക്കിനുള്ള 32.7 ശതമാനം ഓഹരി വിട്ടു നല്‍കാനാണ് 750 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്.

യൂണിനോര്‍ സാമ്പത്തിക നഷ്ടത്തിലായതു മുതല്‍ പങ്കാളികളായ യൂണിടെക്കും ടെലിനോറും തല്ല് തുടങ്ങിയതാണ്. യൂണിനോറിന്റെ മൂല്യം 6000 കോടി രൂപ മാത്രമാണെന്ന് ടെലിനോര്‍ പുറത്തുവിട്ടതാണ് തല്ല് തുടങ്ങാന്‍ കാരണം. എന്നാല്‍, 12,000 കോടി രൂപയ്ക്ക് മുകളിലാണ് യൂണിനോറിന്റെ മൂല്യമെന്നായിരുന്നു യൂണിടെക്കിന്റെ വാദം. 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ലൈസന്‍സില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി യൂണിടെക്കിന്റെ ലൈസന്‍സ് റദ്ദാക്കിയതോടെയാണ് ഇരു കമ്പനികളും തമ്മില്‍ പൂര്‍ണ്ണമായും അകലുന്നത്.

Malayalam News

Kerala News in English