ചെന്നെ: അനധികൃത ഖനനക്കേസില്‍ കേന്ദ്രമന്ത്രി എം.കെ അഴിഗിരിയുടെ മകന്‍ ദുരൈ ദയാനിധിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മഥുര ബെഞ്ചാണ് അപേക്ഷ തള്ളിയത്.

Ads By Google

അനുവദിച്ചതിലും അധിക അളവില്‍ ഗ്രാനൈറ്റ് ഖനനം ചെയ്തു നികുതി വെട്ടിച്ച് വിദേശത്തേക്ക് കടത്തിയെന്നാണ് ദയാനിധിയ്‌ക്കെതിരെയുള്ള കേസ്. ഇത്തരത്തില്‍ പതിനാറായിരം കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയ മൂന്ന് കമ്പനികളില്‍ ഒന്നില്‍ ദയാനിധിക്ക് പങ്കാളിത്തമുണ്ടെന്നായിരുന്നു ആരോപണം.

ഈ കമ്പനിയിലെ ഡയറക്ടര്‍ സ്ഥാനം 2009ല്‍ രാജിവച്ചതായുള്ള ദയാനിധിയുടെ വാദം തള്ളിക്കൊണ്ടാണു കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. അതേസമയം ദീര്‍ഘനാളായി ഒളിവില്‍ കഴിയുന്ന ദയാനിധിയെക്കുറിച്ച് വിവരമൊന്നുമില്ല.

അതേസമയം മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദയാനിധി അഴഗിരിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന.