ബാലവേല നിയപ്രകാരം നിരോധിച്ചതാണ്. പതിനാലു വയസ്സിന് താഴെയുള്ളവര്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കാനും നിയമമുണ്ട്. എന്നാല്‍ ഈ നിയമമൊക്കെ പാലിക്കുന്നുണ്ടോ? ആരുണ്ട് ഇതൊക്കെ ശ്രദ്ധിക്കാന്‍ അല്ലേ!

തെരുവിലലഞ്ഞുതിരിയുന്നതും ചപ്പുചവറുകള്‍ പെറുക്കുന്നതും ഹോട്ടലുകളില്‍ എച്ചില്‍ പ്ലേറ്റുകളെടുക്കുന്നതുമായി കാണാന്‍ പറ്റുന്ന നൂറുകണക്കിന് കുട്ടികളെ കാണുമ്പോഴെങ്കിലും മനസ്സിലാക്കാം ഈ നിയമങ്ങളെല്ലാം വെറും കടലാസില്‍ മാത്രമാണെന്ന്.

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളില്‍ ഇത്തരം കുട്ടികളൊരുപാടുണ്ടാവുമെന്നതില്‍ സംശയമുണ്ടാവാനില്ല. എന്നാല്‍ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂദല്‍ഹിയില്‍ സ്‌ക്കൂളെന്തെന്നറിയാത്ത, പുസ്തകങ്ങള്‍ എന്തെന്നറിയാത്ത കുട്ടികളുണ്ടെന്ന് പറയുമ്പോള്‍ അതാരിലും ഞെട്ടലുണ്ടാക്കും.

നിയമവും, സംവരണവും, ധനസഹായവും എല്ലാം ആവശ്യത്തിന് ഉണ്ട്. പക്ഷേ ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നു നോക്കാന്‍ ആരുമില്ല. സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് സത്യം. കുറച്ചുപേര്‍ക്ക് ഈ സഹായങ്ങളുടെ ഉപഭോക്താക്കളാകുമ്പോള്‍ അതര്‍ഹിക്കുന്ന ബഹുഭൂരിപക്ഷത്തിന് ഇത് ലഭിക്കാതെ പോകുന്നു.

ഇത്തരക്കാരെ കണ്ടെത്തി അവരേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. ഇല്ലെങ്കില്‍ അക്ഷരഞ്ജാനമില്ലാത്ത ഒരു ഭാവിതലമുറയുടെ കയ്യില്‍ ഇന്ത്യയുടെ കടിഞ്ഞാണ്‍ ഏല്‍പ്പക്കേണ്ടിവരും.