മാനസി

‘വരുമൊരിക്കല്‍
എന്റെ ആ നിദ്ര നിശബ്ധമായി……..
മനസും ആത്മാവും നിന്നെ ഏല്‍പിച്ചു,
വെറും ജഡമായി……,
ചുറ്റുമുള്ളതൊന്നും കാണാതെ, കേള്‍ക്കാതെ,
നശ്വരമാം ബന്ധങ്ങളിലെ വേദന എന്തെന്നറിയാതെ…..,
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു പരിഭവിക്കാതെ….,
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ….,
പ്രകൃതിയുടെ ഞരക്കം പോലും തട്ടിയുണര്‍ത്താതെ…….

നീ ഒന്നു വേഗം വന്നുവെങ്കില്‍……!!! ‘

അതേ ആ ഉണരാത്ത നിദ്രയിലേക്ക് യുവകവയിത്രി രമ്യആന്റണി യാത്രയായി. വേദനകളില്ലാത്ത ലോകത്തേക്ക് കാവ്യശലഭത്തെ പോലെ അവള്‍ പറന്നകന്നു. മരണം തന്നില്‍ പിടി മുറിക്കിയെന്ന് അറിഞ്ഞിട്ടാവണം കൊച്ചുകവയിത്രി തന്റെ പല സൃഷ്ടികളിലും മരണത്തെ നിസ്സാരവത്ക്കരിച്ചത്. മരണം തൊട്ടു വിളിക്കുന്ന വരികളായിരുന്നു രമ്യ കുറിച്ചവയില്‍ അധികവും.

വിധി ക്യാന്‍സറിന്റെ രൂപത്തില്‍ ആക്രമിച്ചപ്പോഴും ജീവിതത്തെ നോക്കി ചിരിക്കാനായിരുന്നു രമ്യക്ക് ഇഷ്ടം. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ രോഗക്കിടക്കയിലും രമ്യക്ക് കൂട്ട് അക്ഷരങ്ങളായിരുന്നു. ഒടുവില്‍ സൗഹൃദച്ചെപ്പില്‍ ഒരു പിടി കവിതകള്‍ ബാക്കിയാക്കി രമ്യ ആന്റണി സ്വര്‍ഗ്ഗം പൂകി.

തിരുവനന്തപുരം തിരുമലക്ക് സമീപം മങ്കാട്ടുകടവ് പുതുവീട്ടുമേലെ ആന്റണിയുടേയും ജാനറ്റിന്റെയും മകളാണ് രമ്യആന്റണി. കുഞ്ഞുനാളിലേ പോളിയോ ബാധിച്ച രമ്യയുടെ പഠനം പോളിയോഹോമിന്റെ തണലിലായിരുന്നു. അലസമായി കുറിച്ചിട്ട വരികളിലെ കാവ്യഭംഗി തിരിച്ചറിഞ്ഞ സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു രമ്യ ബ്ലോഗ് എഴുതാനാരംഭിച്ചത്. തുടര്‍ന്നാണ് http://itsmeremya.blogspot.co/ എന്ന ബ്ലോഗിലൂടെ രമ്യ അനുവാചകഹൃദയങ്ങളില്‍ ഇടം പിടിച്ചത്. ക്രമേണ രമ്യയുടെ സൗഹൃദവലയം വികസിക്കുകയായിരുന്നു.

ഇതിനിടെ ഒരു വര്‍ഷം മുമ്പാണ് രമ്യക്ക് ക്യാന്‍സര്‍ പിടിപ്പെട്ടത്. ആശുപത്രികിടക്കയില്‍ വിധി തളര്‍ത്തയപ്പോഴും രമ്യക്ക്് താങ്ങായി നിന്നത് കമ്മ്യൂണിറ്റി സൈറ്റുകളായ ഓര്‍ക്കുട്ടിലേയും കൂട്ടം ഡോട്ട്‌കോമിലേയും സൗഹൃദങ്ങളായിരുന്നു. ഇവരാണ് രമ്യയുടെ കവിതകള്‍ സമാഹരിച്ച് ‘ശലഭായനം’ എന്ന പുസ്തകമിറക്കിയത്. ജനുവരി 24ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ലില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ ഡോ.ടി എന്‍ സീമക്ക് നല്‍കിയാണ് 26 കവിതകളുടെ സമാഹാരമായ ‘ശലഭായനം’ പ്രകാശനം ചെയ്തത്.

രമ്യയുടെ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന്് രൂപികരിച്ച ‘ഫ്രണ്ട്‌സ് ഓഫ് രമ്യ’ എന്ന സംഘടനയാണ് രമ്യയുടെ ചികിത്സാച്ചെലവുകള്‍ കണ്ടെത്തിയത്. രമ്യയെ എഡിറ്ററാക്കിക്കൊണ്ട് ‘ലിഖിതം’ എന്ന ഓണ്‍ലൈന്‍ മാഗസിന്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയായിരുന്നു കൂട്ടുകാര്‍. അസുഖം ഭേദമാകുമെന്ന ശുഭപ്രതീക്ഷയില്‍ രണ്ടാമത്തെ കവിതാസമാഹാരത്തിന്റെ പണിപ്പുരയിലായിരുന്നു രമ്യയും. ‘സ്പര്ശം’ എന്നു പേരിട്ട കവിതാസമാഹാരം പൂര്‍ത്തിയാക്കും മുമ്പേ മരണം രമ്യയെ ‘സ്പര്‍ശിച്ചിരുന്നു’……………………..