Administrator
Administrator
പണമില്ലാത്തവന്‍ ഇനി എവിടെ പഠിക്കും
Administrator
Sunday 5th December 2010 11:18pm

എഡിറ്റോ- റിയല്‍ / കെ.എം ഷഹീദ്

സംസ്ഥാനത്ത് 42ഓളം അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കയാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ശക്തിപ്പെടുന്നത് പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്ന കാര്യം നന്നായി അറിയാവുന്ന ഇടതു മുന്നണി സര്‍ക്കാര്‍ തന്നെയാണ് അതിന് അംഗീകാരം നല്‍കാന്‍ തീരുമാനമെടുത്തതെന്നാണ് ഏറെ സങ്കടകരം.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്.എഫ്.ഐയും ഇടതുപക്ഷ അധ്യാപക സംഘടനകളും ശാസ്ത്ര സാഹിത്യ പരിഷത് പോലുള്ള സംഘടനകളും ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ച് പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്ത ഗവ. എയ്ഡഡ് വിദ്യാലയങ്ങളില്‍ ഈ അധ്യയന വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80, 000 വിദ്യാര്‍ഥികളുടെ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ മറ്റ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെ ആശ്രയിച്ചതാണ് ഈ കുറവുണ്ടായതിന് പ്രധാന കാരണം. ദൗര്‍ബല്യം പരിഹിച്ച് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ശക്തമായ നടപടികളെടുക്കേണ്ട സമയത്താണ് സര്‍ക്കാര്‍ പിന്തിരിപ്പന്‍ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്.

മലബാര്‍ മേഖലയിലെ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ എന്‍.ഒ.സി അനുവദിച്ചത്. അതില്‍ തന്നെ കാന്തപുരം സുന്നി വിഭാഗങ്ങളുടെ മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളുകളാണ് കൂടുതലുള്ളത്.

കഴിഞ്ഞ യു,ഡി.എഫ് സര്‍ക്കാര്‍ നിരവധി അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കിയപ്പോള്‍ പരമ്പരാഗതമായി മുസ്‌ലിം ലീഗ് വിരുദ്ധ നിലപാടുള്ള കാന്തപുരം വിഭാഗത്തെ അവഗണിച്ചിരുന്നുവെന്നത് സത്യമാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി അനുവദിക്കണമെന്ന് ഈ വിഭാഗം പുതിയ സര്‍ക്കാര്‍ അധികാരമേറ്റ മുതല്‍ ആവശ്യപ്പെട്ടുവരികയാണ്.

എന്നാല്‍ ശക്തമായ എതിര്‍പ്പ് മൂലം അത് നടക്കാതെ പോയി. കഴിഞ്ഞ വര്‍ഷം എന്‍.ഒ.സി അനുവദിച്ചുവെങ്കിലും കോടതി അത് സ്‌റ്റേ ചെയ്യുകയും ചെയ്തു. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നില്ലെന്ന പരാതിയില്‍ സര്‍ക്കാറുമായി പരിഭവവുമായി കഴിയുന്ന കാന്തപുരം വിഭാഗത്തെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത്.

പക്ഷെ കാന്തപുരം വിഭാഗത്തിന്റെ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് കൂടി അംഗീകാരം നല്‍കി ‘നീതി’ ഉറപ്പാക്കാന്‍ ശ്രമിക്കുന്നതിന് പകരം നിലവിലുള്ള അണ്‍എയ്ഡഡ് സ്‌കൂളുകളുടെ അംഗീകാരം കൂടി പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍ വേണ്ടത്. കാരണം അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതോടെ ഇത്തരം സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്ക് വര്‍ധിക്കും. ഇത് പാവപ്പെട്ടവന്‍ പഠിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെ തകര്‍ക്കും. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പണം കൊടുത്ത് വേണം വിദ്യ നുകരാന്‍. അതുകൊണ്ട് തന്നെ പണമുള്ളവന്‍ മാത്രമേ തങ്ങളുടെ കുട്ടികളെ അത്തരം വിദ്യാലയത്തിലേക്ക് പറഞ്ഞയക്കൂ.

അപ്പോള്‍ പണമുള്ളവന്‍ അണ്‍എയ്ഡഡിലും പണമില്ലാത്തവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പഠിക്കട്ടെയെന്നും കരുതാനാവില്ല. കാരണം ഇത്രയും കാലം സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച കുട്ടികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്ക് പോകുന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം ഭീമമായി കുറയും. കുട്ടികള്‍ കുറയുന്ന സ്‌കൂളിന് നിലനില്‍ക്കാന്‍ അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതാണ്. അഥവാ അണ്‍ എക്കണോമിക് എന്ന് പറഞ്ഞ് അധികം വൈകാതെ സര്‍ക്കാര്‍ തന്നെ സ്വന്തം സ്‌കൂള്‍ അടച്ചു പൂട്ടുന്ന സാഹചര്യമുണ്ടാവും. ഈ സാഹചര്യം മുന്‍കൂട്ടിക്കണ്ടാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇപ്പോള്‍ ശക്തമായ എതിര്‍പ്പ് ഉയരുന്നത്.

അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുമെന്നത് ഒരു കാര്യം. ഇതിന് പുറമെ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ നമ്മുടെ സാമൂഹ്യ ജീവിതത്തെ എങ്ങിനെ അട്ടിമറിക്കുന്നുവെന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. നിലവില്‍ കേരളത്തില്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ നടത്തുന്നതില്‍ ഭൂരിപക്ഷവും സമുദായം തിരിഞ്ഞുള്ള മാനേജ്‌മെന്റുകളാണ്.

കൃസ്ത്യന്‍, മുസ്‌ലിം, ഹിന്ദു സംഘടനകളും മാനേജ്‌മെന്റുകളുമാണ് ഇങ്ങിനെ സ്‌കൂള്‍ നടത്തുന്നത്. ഓരോ മത വിഭാഗവും പ്രത്യേകം സ്‌കൂളുകളായി തിരിഞ്ഞ് വിദ്യാഭ്യാസം നേടുന്നത് കേരളത്തിലെ സാമൂഹ്യ ജീവിതത്തെ അപകടകരമായി ബാധിക്കുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ സ്‌കൂളിലെ ബെഞ്ചില്‍ എല്ലാ മത വിശ്വാസിയും മതമില്ലാത്തവനും ഒരുമിച്ചിരുന്ന് വിദ്യാഭ്യാസം നേടുമ്പോഴുണ്ടാകുന്ന പരസ്പരം വിശ്വാസവും സഹകരണവും ഇത്തരം അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാതെ പോവും.

സ്‌കൂള്‍ വിട്ട് പൊതു ജീവിതത്തിലേക്ക് ഇറങ്ങുന്ന അവന്് സമൂഹത്തിലെ മറ്റ് മത വിശ്വാസികളുമായി എങ്ങിനെ ഇടപെടാന്‍ കഴിയുമെന്നത് ചോദ്യമാണ്. സമൂഹം വര്‍ഗീയമായി ചിന്തിച്ചു തുടങ്ങിയ ഇക്കാലത്ത് അതിന് ബലം നല്‍കുന്നതാണ് സമുദായ മാനേജ്‌മെന്റുകള്‍ നടത്തുന്ന ഇത്തരം അണ്‍എയ്ഡഡ് സ്‌കൂളുകള്‍.

അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ പറയുന്ന ന്യായമാണ് ഏറെ കൗതുകകരം. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹിക്കാനാണ് മലബാര്‍ മേഖലയിലെ പിന്നാക്ക പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയതെന്നാണ് ബേബി പറയുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളിലെല്ലാം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നതാണ് സത്യം.

അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയതോടെ ഇപ്പോഴുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ ഭീഷണിയിലാകും. അപ്പോള്‍ പിന്നാക്കക്കാരന് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാതെയാകും. പിന്നാക്കാവസ്ഥ മാറ്റാന്‍ ബേബി ഇപ്പോള്‍ കൈക്കൊണ്ട നടപടി ആ സമൂഹത്തെ കൂടുതല്‍ പിന്നാക്കാവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിക്കും. കണ്ണു പൂട്ടി പാലു കുടിക്കുന്ന പൂച്ചയെ ഓര്‍മ്മിപ്പിക്കുന്നു നമ്മുടെ വിദ്യാഭ്യാസമന്ത്രി.

90കള്‍ വരെ കേരളത്തിലെ മത സംഘടനകള്‍ പോലും ഒരു സാമൂഹ്യ കാഴ്ചപ്പാട് പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി ലഭിച്ച കാന്തപുരം വിഭാഗത്തിന് കീഴിലുള്ള മാനേജ്‌മെന്റുകള്‍ തന്നെ അടച്ചുപൂട്ടലിന് ഒരുങ്ങി നില്‍ക്കുന്ന നിരവധി എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റെടുത്ത് അവയെ സംരക്ഷിച്ചിട്ടുണ്ട്.

എന്നാല്‍ 90കള്‍ക്ക് ശേഷം വിദ്യാഭ്യാസമെന്നത് ഒരു കച്ചവട ഉപാധിയാണെന്നും ലാഭമുണ്ടാക്കുകയാണ് അതിന്റെ ആത്യന്തിക ലക്ഷ്യമെന്നും ഇത്തരം സംഘടനകള്‍ ‘തിരിച്ചറിഞ്ഞ’ തോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. നേരത്തെ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിയ അവര്‍ തന്നെ പിന്നീട് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങി വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് വാങ്ങി നേട്ടമുണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു.

കേരളം പുരോഗതി കൈവരിച്ചെന്ന് പറയുമ്പോഴും പണമില്ലാത്തതിനാല്‍ പഠനം നിര്‍ത്തേണ്ടി വന്ന എത്രയോ വിദ്യാര്‍ഥികള്‍ നമുക്ക് ചുറ്റുമുണ്ട്. അല്ലെങ്കില്‍ മകനെ പഠിപ്പിക്കാന്‍ വേണ്ടി സ്വന്തം കിടപ്പാടം വരെ വിറ്റ് തെരുവിലിറങ്ങേണ്ടി വരുന്നവരുണ്ട്. അവരെയെല്ലാം മറന്ന് പണം ഉള്ളവന് മാത്രം മതി പഠനമെന്ന സിദ്ധാന്തമാണ് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ മുന്നോട്ട് വെക്കുന്നത്. കേരളം കൈവരിച്ചുവെന്ന് പറയുന്ന സാമൂഹ്യ ബോധത്തിന് നേരെ നോക്കി കൊഞ്ഞനം കുത്തുകയാണ് ഈ സിദ്ധാന്തത്തിന്റെ വക്താക്കള്‍. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നത് പൊതു സമൂഹത്തെ സംരക്ഷിക്കലാണ്. അത് തിരിച്ചറിഞ്ഞുള്ള ഇടപെടലാണ് ഒരു ജനകീയ സര്‍ക്കാറില്‍ നിന്നുണ്ടാവേണ്ടത്.

Advertisement