എഡിറ്റര്‍
എഡിറ്റര്‍
സമരം ശക്തമാക്കാന്‍ ഒരുങ്ങി നഴ്‌സുമാര്‍; ഈ മാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്കെന്ന് യു.എന്‍.എ
എഡിറ്റര്‍
Tuesday 11th July 2017 9:18pm

തിരുവനന്തപുരം: വേതന വര്‍ധനവ് ആവശ്യപ്പെട്ട് നടത്തി വരുന്ന സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി യു.എന്‍.എ. സ്വകാര്യ ആശുപത്രികളില്‍ ഈമാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങുമെന്ന് നഴ്സുമാര്‍ അറിയിച്ചു. യു.എന്‍.എ സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം, സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാന്‍ തയ്യാറാകുന്ന മാനേജ്മെന്റുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കുമെന്ന് സംഘടന വ്യക്തമാക്കി.

ജൂണ്‍ 28 നാണ് വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ യു.എന്‍.എയുടെയും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ രണ്ടായി സമരം തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റ് അസോസിയേഷനുമായും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ച നടത്തിയെങ്കിലും തൃപ്തികരമായ തീരുമാനമുണ്ടാകാത്തതിനാല്‍ ഇന്നുമുതല്‍ സമരം ശക്തമാക്കിയിരുന്നു.

17 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ധനവിലെ പൊള്ളത്തരങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ അടിയന്തരമായി തീരുമാനിക്കാനും സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി. 13 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും.

കഴിഞ്ഞ ദിവസം നടന്ന സര്‍ക്കാര്‍ തല ചര്‍ച്ചയില്‍ കുറഞ്ഞ വേതനം 17,200 ആക്കി പുനര്‍നിശ്ചയിച്ചെങ്കിലും തൃപ്തികരമല്ലെന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്.

Advertisement