എഡിറ്റര്‍
എഡിറ്റര്‍
കുമാര്‍ ബിശ്വാസിന്റെ വിവാദ പരാമര്‍ശം: ക്ഷമാപണത്തെത്തുടര്‍ന്ന് യു.എന്‍.എ പ്രതിഷേധം അവസാനിപ്പിച്ചു
എഡിറ്റര്‍
Tuesday 21st January 2014 2:19pm

kumar-biswas

കൊച്ചി: നഴ്‌സുമാര്‍ക്കെതിരെ കുമാര്‍ ബിശ്വാസ് നടത്തിയ വിവാദ പാരാമര്‍ശത്തെത്തുടര്‍ന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ( യു.എന്‍.എ) നടത്തി വരുന്ന പ്രതിഷേധങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് യു.എന്‍.എയുടെ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ ഫേസ്ബുക്കിലുടെ അറിയിച്ചു.

‘കഴിഞ്ഞ രണ്ടു ദിവസമായി കുമാര്‍ ബിശ്വാസുമായി ബന്ധപ്പെട്ടു വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് .യുഎന്‍എ ശക്തമായ പ്രതിഷേധവും ,വക്കീല്‍ നോട്ടീസും ഇതുമായി ബന്ധപ്പെട്ടു അയച്ചിട്ടുണ്ട് .ഏഴു ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ ക്രിമിനല്‍ ,സിവില്‍ നിയമങ്ങള്‍ പ്രകാരം കേസെടുക്കുമെന്നും അറിയിച്ചിട്ടുണ്ട് .

ഇപ്പോള്‍ ആം ആദ്മിയുടെ കേരള ഘടകം കണ്‍വീനര്‍ മനോജ് പത്മനാഭന്‍ നഴ്‌സിംഗ് സമൂഹത്തോട് ക്ഷമാപണം നടത്തിയിട്ടുണ്ട്.
ആ ക്ഷമാപണം യു.എന്‍.എ സ്വീകരിക്കുന്നു. ഇത്തരം ഒരു നടപടിയാണ് യുഎന്‍എ ആദ്യം മുതല്‍ ആവശ്യപ്പെട്ടിരുന്നതും കുമാര്‍ ബിശ്വാസിന്റെ ക്ഷമാപണം ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ആയതിനാല്‍ ഇവിടെ പ്രതിഷേധങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണ്. യുഎന്‍എയുടെ പ്രധാനപ്പെട്ട സമരങ്ങള്‍ ക്രാഫ്റ്റ്,അമൃത ആശുപത്രികളില്‍ നടക്കുന്ന വേളയില്‍ നമ്മുടെ കൂടുതല്‍ ശ്രദ്ധ അവിടങ്ങളില്‍ പതിയേണ്ടതുണ്ട്.ആയതിനാല്‍ ചര്‍ച്ചകള്‍ വീണ്ടും നഴ്‌സിംഗ് വിഷയങ്ങളിലേക്ക് തിരിയുക.’ ജാസ്മിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതിനിടെ കുമാര്‍ ബിശ്വാസിന്റെ വിവാദ പ്രസ്താവനയില്‍ ആം ആദ്മി പാര്‍ട്ടി കേരള ഘടകം ഖേദമ പ്രകടിപ്പിക്കുന്നതായി സംസ്ഥാന സമിതി അറിയിച്ചിരുന്നു. 2008ല്‍ അവതരിപ്പിച്ച ടി.വി പരിപാടിയിലാണ് വിവാദ പരാമര്‍ശം. അന്ന് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചിട്ടില്ല.

മലയാളി നഴ്‌സുമാരോട് ബഹുമാനമാണുള്ളതെന്നും കുമാര്‍ ബിശ്വാസിനോട് ഖേദം പ്രകടിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമിതി അറിയിച്ചു.

Advertisement