എഡിറ്റര്‍
എഡിറ്റര്‍
ഫലസ്തീന് നിരീക്ഷക രാഷ്ട്ര പദവി: യു.എന്‍ അംഗീകാരം
എഡിറ്റര്‍
Friday 30th November 2012 9:01am

യു.എന്‍: ഫലസ്തീന് നിരീക്ഷക രാഷ്ട്ര പദവി നല്‍കാന്‍ യു.എന്‍ അംഗീകാരം. യു.എന്‍ പൊതുസഭയില്‍ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് 138 രാജ്യങ്ങള്‍ വോട്ട് ചെയ്തു. ഇസ്രായേലിന്റേയും അമേരിക്കയുടേയും കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് യു.എന്‍ ഫലസ്തീന്റെ പുതിയ പദവി അംഗീകരിച്ചത്.

41 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 9 രാജ്യങ്ങള്‍ ഫലസ്തീന് എതിരായി വോട്ട് ചെയ്തു. യു.എന്നില്‍ വോട്ടവകാശമോ സ്ഥിരാംഗത്വമോ ഇല്ലാത്ത നിരീക്ഷക രാഷ്ട്ര പദവിയാണ് ഫലസ്തീന് ലഭിച്ചിരിക്കുന്നത്.

Ads By Google

ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനുള്ള അവസരമായാണ് യു.എന്നിന്റെ അംഗീകാരത്തെ കാണുന്നതെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങളെ തകര്‍ക്കുന്ന നീക്കമായാണ് ഇസ്രായേല്‍ ഇതിനോട് പ്രതികരിച്ചത്.

‘ഒരു ജനതയുടെ ശബ്ദം ഒടുവില്‍ ലോകം കേട്ടു. നീണ്ട ആറരവര്‍ഷത്തെ കാത്തിരിപ്പിനുള്ള അംഗീകാരമാണിത്’ മഹമൂദ് അബ്ബാസ് പറഞ്ഞു. എന്നാല്‍ എത്ര
രാജ്യങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്താലും ഇസ്രയേലിന്റെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഇരു കക്ഷികളും തമ്മിലുള്ള കരാറുകളിലൂടെ മാത്രമേ സമാധാനത്തില്‍ എത്തിച്ചേരാന്‍ കഴിയുകയുള്ളുവെന്നും മറിച്ച് യു.എന്നിന് ഇതില്‍ കാര്യമായ പങ്കാളിത്തമൊന്നുമുണ്ടാകില്ലെന്നും ഇസ്രയേല്‍ പ്രതിനിധി പറഞ്ഞു.

നിര്‍ഭാഗ്യകരമായ നീക്കമെന്നായിരുന്നു ഫലസ്തീന്‍ നിരീക്ഷക രാഷ്ട്ര പദവിയോടുള്ള അമേരിക്കയുടെ പ്രതികരണം. അതേസമയം, ഫലം തങ്ങള്‍ക്കനുകൂലമായതോടെ നൂറുകണക്കിന് ഫലസ്തീന്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനവുമായി തെരുവിലിറങ്ങി.

ഫലപ്രഖ്യാപനം വന്ന ഉടനെത്തന്നെ ഫലസ്തീന്‍ പതാക ജനറല്‍ അസംബ്ലിയില്‍ പാറിപ്പറന്നു.

അമേരിക്കയ്ക്കും ഇസ്രായേലിനുമൊപ്പം കാനഡ, ചെക്ക് റിപ്പബ്ലിക്, മാര്‍ഷല്‍ ഐലന്‍ഡ്, പനാമ തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീന് എതിരായി വോട്ട് ചെയ്തു.

1974 ലാണ് ഫലസ്തീന് നിരീക്ഷക പദവി ലഭിക്കുന്നത്. 1988 ല്‍ മധ്യവര്‍ത്തികളുടെ സഹായമില്ലാതെ ആശയവിനിമയം നടത്താനും ഫലസ്തീന്‍ എന്ന പേരുപയോഗിക്കാനുള്ള അവകാശവും രാജ്യത്തിന് ലഭിച്ചു. 2011 ല്‍ യുനസ്‌കോ അംഗീകാരവും ഫലസ്തീന് ലഭിച്ചു.

Advertisement