ന്യൂയോര്‍ക്ക്: ലിബിയയ്‌ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഇന്ത്യ പിന്തുണച്ചു. ലിബിയന്‍ വിഷയം രാജ്യാന്തര കോടതിയുടെ പരിഗണനയ്ക്കുകൊണ്ടുവരുന്നതിനെയും പിന്തുണക്കുന്നതായി ഇന്ത്യ അറിയിച്ചു.

പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതില്‍ നിന്നു പിന്‍മാറാന്‍ ഗദ്ദാഫിക്കു നിര്‍ദേശം നല്‍കണമെന്ന് സുരക്ഷാ കൗണ്‍സിലില്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ ലിബിയന്‍ അംബാസിഡര്‍ അബ്ദുറഹിം ഷാല്‍ഘം ഉപരോധത്തെ സ്വാഗതം ചെയ്തു. ഉപരോധം ഗദ്ദാഫിയെ തീരുമാനത്തില്‍ നിന്നും പിന്‍തിരിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നതായി ഷാല്‍ഘം സുരക്ഷാ കൗണ്‍സിലിനോടു പറഞ്ഞു. ഗദ്ദാഫി സര്‍ക്കാരില്‍ നിന്നു രാജിവച്ചവര്‍ക്കെതിരെ ഉപരോധമൊന്നും ഏര്‍പ്പെടുത്തരുതെന്നും അദ്ദേഹം കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.

അതേ സമയം ട്രിപ്പോളിയിലെ ബ്രിട്ടന്റെ എംബസി അടച്ചു. ലിബിയയിലെ എല്ലാ നയതന്ത്ര പരിപാടികളും നിര്‍ത്തിവയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ബ്രിട്ടന്‍ അറിയിച്ചു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഒഴികെ എല്ലാവരും ലണ്ടനിലേക്ക് തിരിച്ചു. ലണ്ടനിലേക്ക് തിരിക്കാത്ത നയതന്ത്ര ഉദ്യോഗസ്ഥന്‍ തുര്‍ക്കി എംബസിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുമെന്നും ബ്രിട്ടന്‍ അറിയിച്ചു.