ന്യൂയോര്‍ക്ക്: സിറിയക്കെതിരെ കടുത്ത നടപടികള്‍ ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ കരട് രൂപം റഷ്യയും ചൈനയും വീറ്റോ ചെയ്തു. വിമതരെ അടിച്ചമര്‍ത്തുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ സിറിയക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെയാണ് റഷ്യയും ചൈനയും വീറ്റോ ചെയ്ത് തടഞ്ഞത്.

യൂറോഷ്യന്‍ രാഷ്ട്രങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, നൈജീരിയ, പോര്‍ച്ചുഗല്‍ അടക്കമുള്ള ഒന്‍പത് രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ലെബനനും അടക്കമുള്ള നിരവധി രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ബ്രിട്ടന്റെ പിന്തുണയോടെ ഫ്രാന്‍സാണ് പ്രമേയം കൊണ്ട് വന്നത്. ഇവര്‍ക്ക് അമേരിക്കയുടെ പിന്തുണ ഉണ്ടായിരുന്നു.

പ്രമേയത്തില്‍ സിറിയക്കുമേല്‍ സാമ്പത്തിക ഉപരോധവും ആയുധ ഉപരോധവും ഏര്‍പ്പെടുത്തണമെന്ന ആഹ്വാനം പ്രമേയത്തിലുണ്ട്. ഭീഷണികള്‍ വഴി സിറിയയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയല്ല ഐക്യരാഷ്ട്ര സഭ ചെയ്യേണ്ടത് എന്നാണ് ഇന്ത്യയുടെ നിലപാടെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹര്‍ദീപ്‌സിങ് പറഞ്ഞു.