പി വി സുരാജ്

ശ്രീലങ്കയില്‍ നടന്ന ആഭ്യന്തരയുദ്ധത്തിന്റെ അവസാന നാളുകളില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊടുംക്രൂരതകള്‍ വ്യക്തമാക്കുന്ന യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. എല്‍.ടി.ടി.ഇയെ തുടച്ചുമാറ്റിയ യുദ്ധത്തിന്റെ അവസാന നാളുകളില്‍ കീഴടങ്ങിയവര്‍ക്കു നേരെയും സാധാരണക്കാര്‍ക്കു നേരെയും കടുത്ത അതിക്രമമാണ് സൈന്യം നടത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സാധാരണക്കാര്‍ക്കു നേരെ മിസൈല്‍വര്‍ഷം
അക്രമികളെ ഇല്ലാതാക്കുക എന്ന വ്യാജേന സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെ ലങ്കന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തെക്കുറിച്ച് വിശദമായി റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. യുദ്ധത്തിന്റെ അവസാനഘട്ടങ്ങളില്‍ ഏതാണ്ട് 40,000 ആളുകളാണ് ലങ്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ക്കിരയായി കൊല്ലപ്പെട്ടത്.

വ്യക്തമായ ആസൂത്രണത്തോടു കൂടിയായിരുന്നു സൈന്യം ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മേഖലകളില്‍പ്പോലും സൈന്യം ഭീകരമായ രീതിയില്‍ മിസൈലാക്രമണം നടത്തി. തമിഴ് വംശജരായ ആളുകള്‍ ഒത്തുകൂടുന്ന സ്ഥലത്തായിരുന്നു പ്രധാനമായും ആക്രമണം നടന്നത്. വെടിനിര്‍ത്തല്‍ നിരോധനമേര്‍പ്പെടുത്തിയ മേഖലകളില്‍ സൈന്യം കടന്നുകയറി ആക്രമണം നടത്തുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ തെളിവായി നല്‍കിയിട്ടുണ്ട്.

അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട്
സാധാരണക്കാര്‍ക്കു നേരെ സൈന്യം നടത്തിയ അതിക്രമത്തെക്കുറിച്ച് യു.എന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. എന്നാല്‍ ചില മേഖലകളില്‍ എല്‍.ടി.ടി.ഇയും ജനങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പേരെടുത്ത് കുറ്റപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. യുദ്ധത്തിന്റെ ഒടുവില്‍ ആയുധമുപേക്ഷിച്ച് കീഴടങ്ങാനെത്തിയ തമിഴ് ടൈഗേര്‍സ് സേനാനികളെ സൈന്യം വെടിയുണ്ടകള്‍ക്കിരയാക്കിയിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

റിപ്പോര്‍ട്ടിനെതിരേ ലങ്കയുടെ പ്രതിഷേധം
യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ടിനെ ലങ്കന്‍ സര്‍ക്കാര്‍ നിശിതമായി വിമര്‍ശിച്ചു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ കെട്ടിച്ചമച്ചതാണെന്നാണ് ലങ്കന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

തങ്ങളുടെ അധികാരപരിധിയില്‍പെടാത്ത കാര്യങ്ങളാണ് യു.എന്നിന്റെ സമിതി അന്വേഷിച്ചതെന്നും റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അത് യുദ്ധത്തില്‍ കെടുതിയനുഭവിച്ചവരെ കാര്യമായി ബാധിക്കുമെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്നും ലങ്കന്‍ സര്‍ക്കാര്‍ ആരോപിക്കുന്നു.

അതിനിടെ ലങ്കന്‍ സര്‍ക്കാര്‍ തന്നെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സഹായിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 2009ന്റെ അവസാനം നടന്ന യുദ്ധവുമായി ബന്ധപ്പെട്ട് യു.എന്‍ നടത്തിയ വിലയിരുത്തലിന് തീര്‍ത്തും എതിരായിട്ടുള്ള റിപ്പോര്‍ട്ടാണ് യു.എന്നിന്റെ തന്നെ അന്വേഷണ സമിതി പുറത്തുകൊണ്ടുവന്നിട്ടുള്ളത്. അന്താരാഷ്ട്രതലത്തില്‍ യു.എന്നിനെ താറടിച്ചുകാട്ടാനുള്ള ലങ്കന്‍ സര്‍ക്കാറിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.

ഉത്തരം മുട്ടി യു.എന്‍
വേലിയിലിരുന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്ത് വെച്ചു എന്നു പറഞ്ഞതുപോലെയാണ് യു.എന്നിന്റെ സ്ഥിതി. ലങ്കയിലെ യുദ്ധകുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് യു.എന്നിനു തന്നെ തലവേദനയായിരിക്കുകയാണ്.

ലങ്കയില്‍ സൈന്യം നടത്തിയ അതിക്രമങ്ങളെക്കുറിച്ച് യു.എന്‍ സമിതി വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അത് എത്രത്തോളം യാഥാര്‍ത്ഥ്യമാകും എന്നത് കാത്തിരുന്നു തന്നെ കാണേണ്ടിവരും. സമിതി നിര്‍ദ്ദേശിച്ചതുപോലെ സൈന്യം നടത്തിയ അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലങ്കന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ തനിക്ക് അധികാരമില്ലെന്ന് ബാന്‍കി മൂണ്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

പ്രശ്‌നത്തില്‍ ലങ്കന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സെക്രട്ടറി ജനറലിന് അധികാരമില്ലെന്നും എന്നാല്‍ അനുയോജ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാറിനെ ഉപദേശിക്കുമെന്നും ബാന്‍കിമൂണിന്റെ വക്താവ് മാര്‍ട്ടിന്‍ നിസിര്‍കി പറഞ്ഞു. റിപ്പോര്‍ട്ടിന്‍മേല്‍ ലങ്കന്‍ സര്‍ക്കാറിന്റെയോ സുരക്ഷാ സമിതിയുടേയോ പൊതുസഭയുടെയോ അനുമതിയില്ലാതെ അന്വേഷണത്തിന് ഉത്തരവിടാന്‍ ബാന്‍കി മൂണിന് കഴിയില്ല.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കും ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ല. ശ്രീലങ്ക കോടതിയില്‍ അംഗമല്ലാത്തതിനാല്‍ വിഷയത്തില്‍ എന്തെങ്കിലും ഇടപെടല്‍ നടത്തണമെങ്കില്‍ യു.എന്നിന്റെ പിന്തുണ അത്യാവശ്യമാണ്. പ്രശ്‌നം സുരക്ഷാകൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വരികയാണെങ്കില്‍ ഇന്ത്യയും റഷ്യയും ചൈനയുമടക്കമുള്ള രാഷ്ട്രങ്ങള്‍ ഇതിനെ എതിര്‍ക്കുമെന്നും എതാണ്ട് വ്യക്തമായിട്ടുണ്ട്.

നിലപാട് വ്യക്തമാക്കാതെ ഇന്ത്യ
ലങ്കന്‍ സൈന്യം നടത്തിയ അതിക്രമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിഷയത്തില്‍ ഇന്ത്യ എന്തു നിലപാടെടുക്കും എന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഏവരും. ഏറെ കരുതിയാണ് ഇന്ത്യ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളത്. റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ച് വരികയാണെന്നും വിഷയത്തില്‍ കൊളംബോയുമായി ചര്‍ച്ച നടത്തുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീലങ്കയ്ക്ക എതിരായേക്കാവുന്ന നിലപാട് ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായേക്കില്ല എന്നുതന്നെയാണ് സൂചനകള്‍. വിഷയം യു.എന്നില്‍ ചര്‍ച്ചയ്ക്കു വരികയാണെങ്കില്‍ ലങ്കയ്ക്ക് അനുകൂലമായ നിലപാടായിരിക്കും ഇന്ത്യ സ്വീകരിക്കുക. കൂടാതെ പ്രശ്‌നത്തില്‍ ചൈന കാട്ടുന്ന അമിത താല്‍പ്പര്യവും ഇന്ത്യയെ വലയ്ക്കുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

എന്നാല്‍ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയപാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ഭരണകക്ഷിയായ ഡി.എം.കെ തന്നെയാണ് പ്രതിഷേധസ്വരവുമായി ആദ്യമിറങ്ങിയത്. മറ്റ് പാര്‍ട്ടികളും പിറകെയെത്തിയിട്ടുണ്ട്.