യു.എന്‍.ഓ: ഇറാനില്‍ നൂറുകണക്കിന് തടവുകാരെ രഹസ്യമായി വധിച്ചതായി യു.എന്‍ റിപ്പോര്‍ട്ട്. ഇറാനിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഐക്യരാഷ്ട്രസഭ നിയോഗിച്ച ഉദ്യോഗസ്ഥന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഈവര്‍ഷം ജയിലില്‍ ഔദ്യോഗികമായി 200 പേരെ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതുകൂടാതെ 146 രഹസ്യ വധശിക്ഷയും ഇവിടെ നടത്തിയിട്ടുണ്ട്. 2010ല്‍ മാത്രം രഹസ്യമായി 300 പേരെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിഴക്കന്‍ ഇറാനിലെ മാഷ്ബാദിലെ വകിലാബാദ് ജയിലിലാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്ന നടപടികള്‍ മാത്രമേ രാജ്യത്ത് നടപ്പാക്കുന്നുള്ളുവെന്നാണ് ഇതിനോട് ഇറാന്‍ പ്രതികരിച്ചത്. ക്രമസമാധാനപാലനത്തിന് വധശിക്ഷ അനിവാര്യമാണെന്നാണ് ഇറാന്റെ നിലപാട്.

വധശിക്ഷ ആഗോള വ്യാപകമായി നിര്‍ത്തലാക്കാന്‍ വേണ്ടി മുറവിളികള്‍ ഉയരുമ്പോഴാണ് ഇറാനെ പ്രതിക്കൂട്ടിലാക്കുന്ന യു.എന്നിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. 95 രാജ്യങ്ങളില്‍ വധശിക്ഷ ഇതുവരെ നിര്‍ത്തലാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളിലൊഴികെ വധശിക്ഷ നടപ്പാക്കുന്നത് മറ്റ് എട്ടു രാജ്യങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. വധശിക്ഷ നിലനിര്‍ത്തിയതില്‍ത്തന്നെ 49 രാജ്യങ്ങള്‍ കഴിഞ്ഞ 10 വര്‍ഷമായി ശിക്ഷ നടപ്പാക്കിയിട്ടില്ല.