യുനൈറ്റഡ് നേഷന്‍ ‍: യു എന്‍ പുറത്തിറക്കിയ തര്‍ക്കപ്രദേശങ്ങളുടെ പട്ടികയില്‍ നിന്നും ജമ്മുകശ്മീരിനെ ഒഴിവാക്കി. ജമ്മുകശ്മീര്‍ തര്‍ക്കപ്രദേശമാണെന്നും വിഷയത്തില്‍ യു എന്‍ ഇടപെടണമെന്നുമുള്ള പാക്കിസ്താന്റെ ആവശ്യങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയേറ്റിട്ടുണ്ട്.

ലോകമെമ്പാടുമുള്ള തര്‍ക്കപ്രദേശങ്ങളുടെ പട്ടിക യു എന്‍ സുരക്ഷാസമിതിയുടെ വിലയിരുത്തിലിനുശേഷമാണ് പുറത്തിറക്കുന്നത്. പട്ടികയില്‍ ജമ്മുകശ്മീരിനെ ഉള്‍പ്പെടുത്തണമെന്നും വിഷയത്തില്‍ യു എന്‍ മധ്യസ്ഥശ്രമം വഹിക്കണമെന്നുമാണ് പാക്കിസ്താന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടിലാണ് ന്യൂദല്‍ഹി.

സുഡാന്‍, സൊമാലിയ, സൈപ്രസ്, പടിഞ്ഞാറന്‍ സഹാറ എന്നിവ തര്‍ക്കപ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളുടെയെല്ലാം തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അംഗരാഷ്ട്രങ്ങളുമായി യു എന്‍ ചര്‍ച്ച നടത്തിവരികയാണ്.

രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ ബ്രിട്ടന്‍ ആവര്‍ത്തിച്ച് പിന്തുണച്ചു. ഇന്ത്യയെക്കുടാതെ ബ്രസീല്‍, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തി രക്ഷാസമിതി വിപുലമാക്കണമെന്ന് ബ്രിട്ടന്‍ വക്താവ് ഫിലിപ്പ് പെര്‍ഹാം ആവശ്യപ്പെട്ടു. കൂടാതെ അടുത്തവര്‍ഷം മുതല്‍ ഇന്ത്യയെയും ബ്രസീലിനെയും രണ്ടുവര്‍ഷക്കാലാവധിയില്‍ രക്ഷാസമിതിയില്‍ അംഗമാക്കുന്നതിനെ ബ്രിട്ടന്‍ സ്വാഗതം ചെയ്തു.

എന്നാല്‍ ഇന്ത്യയുടെ അംഗത്വത്തെ പാക്കിസ്ഥാന്‍ എതിര്‍ത്തു. പകരം രക്ഷാസമിതിയില്‍ ചെറുതും വലുതും ഇടത്തരം വലുപ്പമുള്ളതുമായ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.