അബിദ്ജാന്‍: ഐവറികോസ്റ്റിലേക്കയച്ച യു.എന്‍ ദൗത്യസംഘം പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. പട്ടിണിയില്‍ കഴിയുന്ന ഇവിടുത്തെ ജനങ്ങള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളെത്തിക്കാന്‍ നിയോഗിച്ച സംഘമാണ് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. സെക്‌സിന് പകരം ഭക്ഷണം എന്ന തന്ത്രമാണ് പെണ്‍കുട്ടികള്‍ക്കു നേരെ ഇവര്‍ ഉപയോഗിച്ചതെന്നും യു.എസ് എംബസിയുടെ കേബിള്‍ വ്യക്തമാക്കുന്നു.

കടുത്ത ദാരിദ്ര്യ ബാധിത പ്രദേശമായ ടൗലിപ്ലൂവില്‍ തമ്പടിച്ച ദൗത്യ സംഘത്തെക്കുറിച്ച് പരാമര്‍ശിച്ച് 2010 ജനുവരിയില്‍ എഴുതിയ രേഖകളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. 2009ല്‍ ഇവിടുത്തെ പ്രായപൂര്‍ത്തിയാകാത്ത 10 പെണ്‍കുട്ടികളില്‍ ദ ചില്‍ഡ്രന്‍ യു.കെ എന്ന സന്നദ്ധ സംഘടന നടത്തിയ സര്‍വ്വേയിലാണ് ഇത് വ്യക്തമായത്. പത്തില്‍ എട്ട് പെണ്‍കുട്ടികളും ദൗത്യസംഘത്തിന്റെ ലൈംഗിക പീഡനത്തിനിരയായതായി നയതന്ത്രജ്ഞന്‍ രേഖകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കോംഗോ, കൊളംബിയ, ഹെയ്തി തുടങ്ങിയ പ്രദേശങ്ങളിലേക്കയച്ച യു.എന്‍ സംഘത്തിനെതിരെയും ലൈംഗികപീഡനാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.