ന്യൂയോര്‍ക്ക്: ലിബിയയില്‍ ജനാധിപത്യപ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഗദ്ദാഫി ഭരണകൂടത്തിനെതിരേ കടുത്ത നടപടികളെടുക്കാന്‍ യു.എന്‍ സുരക്ഷാസമിതി അനുമതി നല്‍കി. വ്യോമഉപരോധം അടക്കമുള്ള നടപടികള്‍ വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ സുരക്ഷാസമിതി പാസാക്കുകയായിരുന്നു. എതിരില്ലാത്ത പത്തുവോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. ഇന്ത്യ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ലിബിയയിലെ പ്രശ്‌നം ചര്‍ച്ചചെയ്യാനായി സുരക്ഷാസമിതിയുടെ അടിയന്തിരയോഗം ചേരുകയായിരുന്നു. പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന ജനങ്ങളുടെ സുരക്ഷയ്ക്കായി സൈനിക നടപടികള്‍ അടക്കമുള്ളവ സ്വീകരിക്കാനാണ് സുരക്ഷാസമിതി പ്രമേയത്തിലൂടെ അനുമതി നല്‍കിയിരിക്കുന്നത്. സുരക്ഷാസമിതിയുടെ അനുമതി ലഭിച്ചതോടെ ഏതുനിമിഷവും സൈനികനീക്കം ഉണ്ടാകാമെന്ന് റിപ്പോര്‍ട്ടുണ്ട്.

പ്രമേയം പാസായ ഉടനേ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഫ്രഞ്ച് പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും സേനകള്‍ ലിബിയയില്‍ ഏതുനിമിഷവും സൈനികനീക്കം നടത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്തരമൊരു നീക്കത്തിന് അമേരിക്ക ഇതുവരെ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല.

ലിബിയക്കെതിരേ വ്യോമ നിരോധനത്തിന് അറബ് ലീഗ് പിന്തുണച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന അറബ് ലീഗിന്റെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുകയും യു.എന്‍ സുരക്ഷാസമിതി പ്രശ്‌നം ഗൗരവമമായി കാണണമെന്ന അഭിപ്രായം ഉയരുകയും ചെയ്തിരുന്നു.

അതിനിടെ ലിബിയില്‍ പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്ന നടപടി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ബെന്‍ഗാസിയുടേയും ട്രിപ്പോളിയുടേയും നിയന്ത്രണം ഗദ്ദാഫിയുടെ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഓരോ വീട്ടിലും ഓരോ മുറിയിലും കയറി പരിശോധന നടത്തുമെന്നും അക്രമികളെ തുരത്തുമെന്നും ഗദ്ദാഫി റേഡിയോയിലൂടെ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.