എഡിറ്റര്‍
എഡിറ്റര്‍
ഗസ:യു.എന്‍ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചു; വെടിനിര്‍ത്തല്‍ നീട്ടിയേക്കും
എഡിറ്റര്‍
Wednesday 13th August 2014 12:07pm

gaza-israel-new-attack

ന്യൂയോര്‍ക്ക്: ഗസയിലെ മനുഷ്യാവകാശ ലംഘനവും യുദ്ധക്കുറ്റവും അന്വേഷിക്കാനുള്ള അന്താരാഷ്ട്രസമിതിയെ യു.എന്‍ പ്രഖ്യാപിച്ചു. കാനഡയില്‍ നിന്നുള്ള അന്താരാഷ്ട്ര നിയമ വിദഗ്ധന്‍ വില്യം ഷാബാസാണ് സംഘടനാ തലവന്‍.

യു.എന്നിലെ മുതിര്‍ന്ന മനുഷ്യാവകാശ വിദഗ്ധന്‍, സെനഗലില്‍ നിന്നുള്ള ദോദോ ദിയേനെ, ബ്രിട്ടീഷ്-ലബനീസ് അഭിഭാഷകനായ അമല്‍ അലാമുദ്ദീന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 2015 മാര്‍ച്ചില്‍ യു.എന്‍. മനുഷ്യാവകാശ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം.

യുദ്ധക്കുറ്റവും അന്വേഷിക്കാനുള്ള യു.എന്‍ പ്രഖ്യാപനത്തെ ഹമാസ് സ്വാഗതം ചെയ്തു. അന്വേഷണ സംഘത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ഹമാസ് നേതൃത്വം അറിയിച്ചു. എന്നാല്‍ യു.എന്‍ മനുഷ്യാവകാശസമിതിയെ ‘കങ്കാരു കോടതി’ എന്ന് വിളിച്ച് അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

യു.എന്‍. മനുഷ്യാവകാശസമിതിയില്‍ ഇസ്രായേല്‍ അംഗമില്ല. 47 അംഗരാജ്യങ്ങളുള്ള സമിതി ഇസ്രായേല്‍ വിരുദ്ധമാണെന്നാണ് അവരുടെ ആരോപണം.
അതിനിടെ ഗാസയിലെ പോരാളിസംഘങ്ങള്‍ ആയുധം ഉപേക്ഷിക്കണമെന്ന് ഈജിപ്തില്‍ നടക്കുന്ന സമാധാനചര്‍ച്ചയില്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു. പലസ്തീന്‍ ഈ ആവശ്യം നിഷേധിച്ചു. ഗാസയ്ക്കുമേല്‍ എട്ടുവര്‍ഷമായി തുടരുന്ന ഉപരോധം നീക്കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ അവിടം ഭരിക്കുന്ന ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്.

അതിര്‍ത്തിക്കപ്പുറത്തേക്ക് കടക്കാനുള്ള ആറ് കവാടങ്ങളില്‍ രണ്ടിടങ്ങളിലെ വിലക്ക് നീക്കാമെന്ന് ഇസ്രായേല്‍ വാഗ്ദാനം ചെയ്തതായി പലസ്തീന്‍ അറിയിച്ചു. ഒന്ന് യാത്രയ്ക്കും മറ്റൊന്ന് ചരക്കുനീക്കത്തിനുമുള്ള പാതകളാണ്. അന്താരാഷ്ട്ര നിരീക്ഷണത്തിലാകും ഇതുവഴിയുള്ള ഗതാഗതം അനുവദിക്കുക.

അതേസമയം ഗസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകളില്‍ വെടിനിര്‍ത്തല്‍ 72 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Advertisement