ന്യൂദല്‍ഹി: ലോകം സാമ്പത്തിക, സാമൂഹിക പ്രതിസന്ധി നേരിടുന്ന സമയത്തുള്ള യു.എന്‍ സമ്മേളനത്തിന്റെ പ്രധാന്യം ഏറെ വലുതാണെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി കാലത്തിന്റെ വെല്ലുവിളികളെ നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്ക് തിരിക്കും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എന്‍ ആഗോള നായകത്വം വീണ്ടെടുക്കേണ്ട സമയമാണിത്. ആഭ്യന്തര സുരക്ഷയ്ക്ക് തീവ്രവാദം ഉള്‍പ്പടെയുള്ളവ ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന സാഹചര്യമാണിതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

യു.എന്‍ ജനറല്‍ അസംബ്ലിയുടെ 66ാം സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ന്യൂയോര്‍ക്കിലേക്ക് പോയത്. ഇന്ദിരാഗാന്ധി അന്തര്‍ദേശീയ എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍ഇന്ത്യയുടെ സ്‌പെഷല്‍ എയര്‍ക്രാഫ്റ്റിലാണ് മന്‍മോഹന്‍ സിംങ് ന്യൂയോര്‍ക്കിലേക്ക് തിരിച്ചത്.