രാജ്യത്തിന്റെ സമഗ്രവികസനത്തിനായി ആവിഷ്‌ക്കരിക്കുന്ന വനിതാസംവരണവും വികസനപ്രവര്‍ത്തനങ്ങളും മറ്റു സാമൂഹ്യസുരക്ഷാ പദ്ധതികളും ലക്ഷ്യം കാണുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ മാനവവികസന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. യു എന്നിന്റെ മാനവവികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 119 ആണ്. ദരിദ്രരാഷ്ട്രങ്ങളെന്ന് പഴികേള്‍ക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ചെറുരാജ്യങ്ങളായ പാക്കിസ്താനും ബംഗ്ലാദേശും വരെ ഇന്ത്യയുടെ മുന്നിലാണ്.

കഴിഞ്ഞവര്‍ഷത്തേക്കാളും ഒരുസ്ഥാനം മുന്നോട്ടുകയറിയെങ്കിലും തൊഴിലില്ലായ്, പട്ടിണി, അമ്മമാരുടെ ആരോഗ്യം, സാക്ഷരത എന്നീ വിഷയങ്ങളില്‍ ഇന്ത്യക്ക് ഇനിയും ഏറെദൂരം മുന്നോട്ടുപോകാനുണ്ട്. ഇന്ത്യയോടൊപ്പം ലോകശക്തിയാകാന്‍ കുതിക്കുന്ന ചൈനയുടെ വളര്‍ച്ച ശ്രദ്ധേയമാണ്. സൂചികയില്‍ എട്ടുസ്ഥാനം മുന്നോട്ടുകയറി 89 ാം സ്ഥാനത്തെത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

42 ശതമാനം ഇന്ത്യക്കാര്‍ കടുത്ത ദാരിദ്ര്യം നേരിടുന്നുവെന്നാണ് യു എന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ത്തന്നെ ദല്‍ഹി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ പട്ടിണിനിരക്ക് ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാള്‍ കൂടുതലാണ്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പണം ചിലവഴിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ചിലവഴിക്കുന്ന പണം എത്തേണ്ടിടത്ത് എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും യു എന്‍ റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നു.

സ്ത്രീ-പുരുഷസമത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ പൊങ്ങച്ചം പറച്ചില്‍ എത്ര പൊള്ളയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സോണിയാ ഗാന്ധി അതിശക്തരുടെ പട്ടികയില്‍ കയറിയതോ സംവരണം ഏര്‍പ്പെടുത്തിയതോ ഒന്നും സ്ത്രീകളുടെ ഉന്നമനത്തിന് സഹായിച്ചിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മതത്തിന്റെ കടുത്ത ചട്ടക്കൂടുണ്ടെന്ന് ആരോപിക്കുന്ന അഫ്ഗാനിസ്താനും പാക്കിസ്താനും സമത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്.

ഏഷ്യയിലെ തന്നെ മറ്റുരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ എത്ര പിറകിലാണെന്ന് വ്യക്തമാകും. മാനവ വികസന സൂചികയില്‍ പാക്കിസ്താന്‍ 125ാം സ്ഥാനത്തും ബംഗ്ലാദേശ് 129ാം സ്ഥാനത്തുമാണ്. ഇന്ത്യയില്‍ ജീവിതദൈര്‍ഘ്യം 64 വയസും ബംഗ്ലാദേശിന്റേത് 66 വയസുമാണ്. പാക്കിസ്താനിലെത്തുമ്പോള്‍ ഇത് 67 വയസായി ഉയരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നരായ ആളുകള്‍ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏറ്റവുമധികം പട്ടിണിപ്പാവങ്ങല്‍ ഉള്ള രാജ്യവും. പട്ടിണിയും സാമ്പത്തിക അസമത്വവും കുറക്കാനായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇത്തരം സമ്പന്നന്‍മാരുടെ സഹായവും ഉണ്ടാകേണ്ടതുണ്ട്. പക്ഷേ എത്ര കോടീശ്വരന്‍മാര്‍ ഇതിന് തയ്യാറാകും എന്നതാണ് ചോദ്യം.

വാല്‍ക്കഷണം: ന്യൂയോര്‍ക്കില്‍ ഈയിടെ നടന്ന ചടങ്ങില്‍ ബില്‍ ഗേറ്റ്‌സ്, വാരന്‍ ബഫറ്റ്, കാര്‍ലോസ് സ്ലിം എന്നിവരടക്കം നാല്‍പ്പത് സമ്പന്നര്‍ തങ്ങളുടെ സമ്പത്തിന്റെ പകുതി ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനായി ചിലവഴിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇത് മുന്‍കൂട്ടി അറിഞ്ഞിട്ടോ എന്തോ, ഇന്ത്യയില്‍ നിന്നുമുള്ള ഒരു സമ്പന്നനെയും ചടങ്ങിന്റെ പരിസരത്തൊന്നും കാണാന്‍ സാധിച്ചില്ല!