മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മറ്റിക്കു കീഴില്‍ ഈ മാസം (മാര്‍ച്ച്) 20ന് പുറപ്പെടുന്ന ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള പഠന ക്ലാസ്സുകള്‍ക്ക് മനാമ സമസ്ത മദ്രസ്സാ ഹാളില്‍ തുടക്കമായി.

Ads By Google

സമസ്ത കോ ഓര്‍ഡിനേറ്ററും യുവ പണ്ഢിതനും വാഗ്മിയുമായ ഉസ്താദ് ഉമറുല്‍ ഫാറൂഖ് ഹുദവിയാണ് ക്ലാസ്സ് നയിക്കുന്നത്.

ഉംറക്കു പുറപ്പെടുന്നവര്‍ പാലിക്കേണ്ട മര്യാദകളും തയ്യാറെടുപ്പുകളുമാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ഉംറയുടെ യാത്രയിലും വഴിമധ്യ തീര്‍ത്ഥാടകര്‍ പാലിക്കേണ്ട മര്യാദകളും ചടങ്ങുകളും തുടര്‍ന്ന് ഉംറയും അടുത്ത ക്ലാസ്സുകളില്‍ വിശദീകരിക്കും.

ക്ലാസ്സുകളുടെ അവസാനം എല്‍.സി.ഡി പ്രൊജക്ടര്‍ സഹിതം മക്കയിലെയും മദീനയിലെയും സുപ്രധാന ഭാഗങ്ങളുടെ വീഡിയോ കാണിച്ചുള്ള സമസ്തയുടെ പഠന ക്ലാസ്സ് തീര്‍ത്ഥാടകര്‍ക്ക് ഏറെ അനുഗ്രഹമാകുന്നുണ്ട്.

ഈ മാസം 20 ന് പുറപ്പെടുന്ന ഉംറ സംഘത്തില്‍ പങ്കെടുക്കാന്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി ഇതിനകം മൂന്ന് ബസ്സിനുള്ള തീര്‍ത്ഥാടകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതില്‍ ഇനി പരിമിതമായ സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും താല്‍പര്യമുള്ളവര്‍ 33049112 എന്ന നമ്പറിലോ ഏരിയാ കേന്ദ്രങ്ങളുമായോ ഉടന്‍ ബന്ധപ്പെടണമെന്നും ഉംറയുടെ ഇന്‍ചാര്‍ജ്ജ് വഹിക്കുന്ന വി.കെ.കുഞ്ഞഹമ്മദ് ഹാജി അറിയിച്ചു.

ഏപ്രില്‍ 10, മെയ് 15, ജൂണ്‍ 12, 26, ജൂലൈ 10, 18, 29 എന്നിങ്ങനെയാണ് ഇനിയുള്ള ഉംറ സംഘങ്ങളുടെ യാത്രാ ദിനങ്ങള്‍.
ഉദ്ഘാടന ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്ത ആക്ടിംങ് പ്രസിഡന്റ് അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു.

ഷൌക്കത്തലി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മുസ്ല്യാര്‍ കാന്തപുരം പ്രങക്തത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ജന,സെക്ര. എസ്.എം അബ്ദുല്‍ വാഹിദ് നിര്‍ദേശങ്ങള്‍ നല്‍കി. ഉംറ യാത്രക്ക് നേതൃത്വം നല്‍കുന്ന അമീറുമാരും സമസ്ത നേതാക്കളും ഏരിയാ പ്രതിനിധികളും പങ്കെടുത്തു.