എഡിറ്റര്‍
എഡിറ്റര്‍
ക്രിക്കറ്റിനെ സ്‌നേഹിച്ച കാര്‍കശ്യക്കാരന്‍; സൈമണ്‍ ടൗഫല്‍
എഡിറ്റര്‍
Thursday 15th November 2012 5:37pm

എന്റെ അമ്പയറിങ്ങില്‍ വിശ്വാസം ഇല്ലെന്ന് തോന്നിയ ചില മത്സരങ്ങള്‍ ഞാന്‍ മനപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ എന്റെ ജനറേഷനില്‍ പെട്ട ആളുകള്‍ തന്നെ എന്റെ കഠിനാധ്വാത്തെയും പ്രൊഫഷണലിസത്തെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ടായിരുന്നു.

സൈമണ്‍ ടൗഫല്‍ഫേസ് ടു ഫേസ് /  സൈമണ്‍ ടൗഫല്‍

മൊഴിമാറ്റംആര്യ.രാജന്‍


ക്രിക്കറ്റിനോട് ആരാധനയുള്ള ഒരാള്‍ പോലും മറക്കാത്ത മുഖമാണ് അമ്പയര്‍ സൈമണ്‍ ടൗഫലിന്റേത്. കൃത്യവും കണിശവുമായ അമ്പയറിങ്ങിലൂടെ ഏവര്‍ക്കും പ്രിയങ്കരനായി മാറാന്‍ ഈ ഓസ്‌ട്രേലിയന്‍ താരത്തിനായിരുന്നു.

Ads By Google

ഒരു കളിയെ എങ്ങനെ നന്നായി നിയന്ത്രിക്കാമെന്നും ഏറ്റെടുത്ത ഉത്തരവാദിത്തം എങ്ങനെ മികച്ചതാക്കാമെന്നും ടൗഫലിനെ നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മനസിലാക്കാന്‍ എളുപ്പം കഴിയും. നീണ്ട വര്‍ഷത്തിനിടെ നിയന്ത്രിച്ച മത്സരങ്ങളില്‍ ഒരു വിവാദത്തിലോ ആരോപണത്തിലോ പെടാതിരുന്ന ചുരുക്കം ചില അമ്പയര്‍മാരില്‍ ഒരാള്‍ കൂടിയാണ് സൈമണ്‍ ടൗഫല്‍.

നീണ്ടനാളത്തെ കരിയറിന് ശേഷം ക്രിക്കറ്റ് അമ്പയറിങ്ങില്‍ നിന്നും സൈമണ്‍ വിടപറയുകയാണ്. കൊളംബോയില്‍ നടന്ന ലോകകപ്പ് ട്വന്റി-20 മത്സരശേഷം ഇനി അമ്പയറിങ് മേഖലയില്‍ ഇല്ലെന്ന് സൈമണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. എങ്കിലും വിരമിച്ച ശേഷം ഐ.സി.സിയുടെ തന്നെ അമ്പയറിങ് ട്രെയിനിങ് മാനേജറായി ടൗഫല്‍ ചുമതലയേല്‍ക്കും.

ക്രിക്കറ്റ്‌ലോകം കണ്ട മികച്ച അമ്പയര്‍മാരിലൊരാളായി വിലയരുത്തപ്പെടുന്ന ടൗഫല്‍ 2004, 2008 വര്‍ഷങ്ങളില്‍ ഐ.സി.സിയുടെ മികച്ച അമ്പയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011 ലോക കപ്പ് ഫൈനലിലും 2007, 2009 ട്വന്റി-20 ലോകകപ്പ് ഫൈനലിലും ടൗഫല്‍ കളി നിയന്ത്രിച്ചു.

1999ല്‍ സിഡ്‌നിയില്‍ നടന്ന ആസ്‌ട്രേലിയ ശ്രീലങ്ക മത്സരത്തിലാണ് ടൗഫല്‍ ആദ്യമായി ഏകദിന ക്രിക്കറ്റ് അമ്പയറിംഗ് രംഗത്തേക്ക് കടക്കുന്നത്. പിന്നീട് 74 ടെസ്റ്റിലും 174 ഏകദിനത്തിനും ടൗഫല്‍ അമ്പയറായി. നീണ്ടനാളത്തെ ക്രിക്കറ്റ് ജീവിതത്തെ കുറിച്ച് സൈമണ്‍ ടൗഫലുമായി ജി.കൃഷ്ണന്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്..

28ാമത്തെ വയസില്‍ ഏകദിനമത്സരത്തില്‍ അമ്പയര്‍ ആയി വന്നു, 29 ാമത്തെ വയസില്‍ ടെസ്റ്റിലും. ഇത്രയും കാലം ഈ മേഖലയലില്‍ തന്നെ ഉണ്ടാകുമെന്ന് അന്ന് കരുതിയിരുന്നോ?

ഒരിക്കലും ഇല്ല. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള എന്റെ വരവ് തന്നെ അപ്രതീക്ഷിതമായിരുന്നു. ഇത്രയും നാളും ഈ സ്ഥാനത്ത് നില്‍ക്കാമെന്ന് കരുതിയല്ല വന്നത്.

കരിയറില്‍ വന്ന സമയത്ത് താങ്കളെക്കാള്‍ പ്രായമുള്ളവരായിരിക്കും ടീമിലെ പല താരങ്ങളും, ആ സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയിരുന്നോ?

ഒരിക്കലുമില്ല. മത്സരത്തില്‍ പ്രായത്തിനല്ല സ്ഥാനം. കളിക്കുന്നതിന്റെ രീതിയ്ക്കും കഴിവിനും മാത്രമാണ്. ഞാന്‍ ഏറ്റെടുത്ത ജോലി നന്നായി തീര്‍ക്കാന്‍ കഴിയുമെന്ന വിശ്വാസം എന്നില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് മറ്റ് ഘടകങ്ങളൊന്നും എന്നെ ബാധിച്ചിരുന്നില്ല. എന്റെ പ്രായത്തിനൊത്ത ഒരാളില്‍ നിന്നും പ്രതീക്ഷിക്കുന്നതിന്റെ അപ്പുറം നല്‍കാന്‍ കഴിയുന്നതാണ് എന്റെ വിജയം. എന്നെ സംബന്ധിച്ച് അതിന് എനിയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. പിന്നെ ഏതൊരു മത്സരം തുടങ്ങുന്നതിന്റെ മുന്‍പും ഞാന്‍ അല്പം ടെന്‍ഷന്‍ ആവാറുണ്ട്. അത് പക്ഷേ നല്ലതാണ്. കാരണം ഞാന്‍ എന്റെ ഭാഗം കാര്യമായി ശ്രദ്ധിക്കുന്നുവെന്നാണ് അതിനര്‍ത്ഥം.

കളിക്കാരുടെ അടുത്ത നിന്നും വരുന്ന പിഴവുകള്‍ വളരെ വേഗം തിരിച്ചറിയാന്‍ താങ്കള്‍ക്ക് സാധിക്കുമായിരുന്നോ?

അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ എന്റെ അമ്പയറിങ്ങില്‍ വിശ്വാസം ഇല്ലെന്ന് തോന്നിയ ചില മത്സരങ്ങള്‍ ഞാന്‍ മനപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ എന്റെ ജനറേഷനില്‍ പെട്ട ആളുകള്‍ തന്നെ എന്റെ കഠിനാധ്വാത്തെയും പ്രൊഫഷണലിസത്തെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ടായിരുന്നു..അവിടെ ഞാന്‍ എന്റെ ജോലിയുടെ പ്രാധാന്യം എപ്പോഴും മനസിലാക്കാറുണ്ട്. എന്നെ സംബന്ധിച്ച് എന്റെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തിയാണ് പല മത്സരങ്ങളെയും ഞാന്‍ അഭിമുഖീകരിക്കാറും നിയന്ത്രിക്കാറുമുള്ളത്.

താങ്കള്‍ ഭാഗമാകുന്ന പല മത്സരത്തിലും നിരവധി മികച്ച പ്രകടനങ്ങള്‍ കാണാന്‍ സാധിച്ചിട്ടുണ്ടാകും. അത്തരത്തില്‍ പ്രകടനം നടത്തുന്ന താരങ്ങളെ ഗ്രൗണ്ടില്‍ വെച്ച് അഭിനന്ദിക്കാന്‍ മുതിരാറുണ്ടോ?

തീര്‍ച്ചയായും. അഭിനന്ദനം അര്‍ഹിക്കുന്ന പല പ്രകടനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഒരു അമ്പയര്‍ ആണ് ഞാന്‍. ഒരു അമ്പയറെ സംബന്ധിച്ച് ആദ്യം വേണ്ടത് ഉറച്ച തീരുമാനമാണ്. പിന്നെ ക്ഷമ, മനോബലം ഇവയെല്ലാം ആവശ്യമാണ്. എന്നാല്‍ അമ്പയറും മനുഷ്യന്‍മാര്‍ തന്നെയാണ്. ഒരു ബാറ്റ്‌സ്മാന്‍ സെഞ്ച്വറി തികച്ചുകഴിഞ്ഞാല്‍ ആ ഒരു ഓവര്‍ കഴിഞ്ഞ ഉടന്‍ തന്നെ ഞാന്‍ അയാളെ നോക്കി ഒന്നു കണ്ണിറുക്കും. ഒരു ഓവര്‍ നന്നായി ബൗള്‍ ചെയ്ത് കഴിഞ്ഞാല്‍  ആ ബൗളറുടെ തൊപ്പി തിരിച്ചുകൊടുക്കുന്നതിന് മുന്‍പ് അഭിനന്ദനീയമായ രീതിയിലുള്ള എന്തെങ്കിലും ഒരു ഭാവപ്രകടനം ഞാന്‍ നടത്തും. അതായിരുന്നു എന്റെ സ്റ്റൈല്‍.

പ്രായത്തെ മാറ്റിനിര്‍ത്തിയാല്‍ നിങ്ങള്‍ ഒരു സെക്കന്റ് ഇന്നിങ്‌സിന് തയ്യാറാകുമോ?

എന്റെ ഒരു മറുപടിയിലും വിരമിക്കലിനെ കുറിച്ച് ഞാന്‍ സംസാരിച്ചിട്ടില്ല. 41 ാമത്തെ വയസില്‍ വിരമിക്കുന്ന ആരുണ്ട്? അന്താരാഷ്ട്ര മത്സരത്തിലേക്ക് ഇനിയും ഞാന്‍ തിരിച്ചുവരുമോ എന്ന ചോദ്യത്തിന് വലിയ പ്രാധാന്യം ഇല്ല. ഇനി യുവാക്കള്‍ക്കുള്ള അവസരമാണ്. അവരെ സഹായിക്കത്തക്ക രീതിയില്‍ എനിയ്ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ നോക്കുന്നത്. എന്റെ തന്നെ പുരോഗതിക്ക് അത് നന്നായിരിക്കുമെന്ന് തോന്നുന്നു. അതിനായി വെല്ലുവിളികള്‍ ഏതും ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരുപക്ഷേ അമ്പയറിങ്ങിലേക്ക് തിരിച്ചുവരുകയെന്നത് സാധ്യമായിരിക്കും. പക്ഷേ അവിടെ എനിയ്ക്ക് നേടാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ മാത്രമേ തിരിച്ചുവരവിന് അര്‍ത്ഥമുണ്ടാകുള്ളു.

ഓരോ വര്‍ഷവും കളിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മാറി വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ, അത്തരത്തില്‍ ഏതെങ്കിലും നിയമങ്ങളില്‍ മാറ്റം വരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?

കളിയുമായി ബന്ധപ്പെട്ട പല നിയമങ്ങളിലും എനിയ്ക്ക് വിജോജിപ്പ് ഉണ്ടായിട്ടുണ്ട്. അമ്പയര്‍മാര്‍ക്കായി ഒരുപാട് നിയമങ്ങളുണ്ട്. ക്യാപ്റ്റനും മറ്റ് കളിക്കാരും ആ നിയമങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. എന്നാല്‍ കളിയുടെ നിയമം വിശദീകരിക്കുന്ന പുസ്തകം നിങ്ങള്‍ കണ്ടിട്ടുണ്ടോ? അത് ഒരു ടെലഫോണ്‍ ഡയരക്ടറിയേക്കാള്‍ വലുതാണ്. നിയമങ്ങള്‍ പലതും ചുരുക്കി കുറച്ചുകൂടി ലളിതമായ രീതിയിലേക്ക് മാറ്റണമെന്ന് ഒരാഗ്രഹം ഉണ്ട്.

2009 ലെ ലാഹോര്‍ ആക്രമണം ഇപ്പോഴും ഒരു പേടിസ്വപ്‌നമായി അവശേഷിക്കുന്നുണ്ടോ?

ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ് അത്. ഏറെ ദു:ഖം അനുഭവിച്ച ദിവസം കൂടിയായിരുന്നു. ഞങ്ങളുടെ ഡ്രൈവറും പോലീസുദ്യോഗസ്ഥനുമെല്ലാം ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഞങ്ങളുടെ ഡ്രൈവര്‍ സഫീര്‍, ആ മത്സരത്തില്‍ പങ്കെടുക്കാനായി ഞങ്ങളെ എത്തിക്കാന്‍ വന്നതുകൊണ്ടാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. പാക്കിസ്ഥാനെ സംബന്ധിച്ചും അന്താരാഷ്ട്ര ക്രിക്കറ്റിനെ സംബന്ധിച്ചും വളരെ ദു:ഖകരമായ ഒരു ദിവസമായിരുന്നു അത്. എന്നെ മാത്രമല്ല എന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമെല്ലാം അത് വലിയൊരു ആഘാതമായിരുന്നു. ആ ഷോക്കില്‍ നിന്നും മുക്തരാവാന്‍ അവര്‍ക്ക് പിന്നീട് കൗണ്‍സിലിങ് എല്ലാം നടത്തേണ്ടി വന്നു.

എനിയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ഒരാളാകണമെന്ന് ഇന്നത്തെ തലമുറയില്‍ പെടുന്ന ഒരാള്‍ പറയുകയാണ്, അവരെ താങ്കള്‍ പ്രോത്സാഹിപ്പിക്കുമോ?

നിങ്ങള്‍ എന്തിനെയാണോ ഇഷ്ടപ്പെടുന്നത് അത് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നതാണ് പ്രധാനം. അന്താരാഷ്ട്ര അമ്പയര്‍ ആവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആ സ്വപ്‌നം സാധ്യമാകാനായി ധൈര്യമായി മുന്നോട്ട് പോകുക. അതിന് വേണ്ടി കഠിനപരിശ്രമം നടത്തുകയും ചെയ്യുക. നടപ്പിലാകുന്ന തത്വങ്ങള്‍ അതിനായി ഉപയോഗിക്കുക.

ക്ഷമയുമായുള്ള ഒരു കളിയാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ അമ്പയറിങ്. ഏറെ ബുദ്ധിമുട്ടുള്ളതും എന്നാല്‍ എല്ലാവര്‍ക്കും എളുപ്പം കഴിയാത്തതുമായ ജോലി. എന്തിനും തയ്യാറായി ഇരിക്കുക. അവസരങ്ങള്‍ക്കായി കാത്തിരിക്കുക…

കടപ്പാട്: ഡി.എന്‍.എ

Advertisement