ജൊഹനാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഡര്‍ബന്‍ ടെസ്റ്റ് നിയന്ത്രിച്ച അമ്പയര്‍ സ്റ്റീവ് ഡേവിസ് മദ്യപിച്ചാണ് ഗ്രൗണ്ടിലിറങ്ങിയതെന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ആരോപിച്ചു. അമ്പയറുടെ ‘കിക്ക് ‘ കാരണം രണ്ട് ഉറച്ച അവസരങ്ങളാണ് തങ്ങള്‍ക്ക് നഷ്ടമായതെന്നും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ആരോപിക്കുന്നു.

ടീമുകള്‍ താമസിച്ച ഹോട്ടിലില്‍വെച്ച് മദ്യപിച്ചതിനു ശേഷമാണ് അമ്പയര്‍ ഗ്രൗണ്ടിലിറങ്ങിയതെന്നാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ‘കെട്ടുവിടാത്ത’ അമ്പയര്‍ ഡേവിസ് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേയുള്ള ഔട്ടെന്നുറച്ച രണ്ട് അപ്പീലുകള്‍ നിരാകരിക്കുയും ചെയ്തുവെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്.

മല്‍സരത്തിനിടയില്‍ സ്റ്റീവ് വരുത്തിയ ചില നിര്‍ണായക തീരുമാനങ്ങള്‍ ഇന്ത്യന്‍ വിജയത്തിന് സഹായിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ സഹീര്‍ഖാനെതിരായ എല്‍ ബി ഡബ്ല്യൂ അപ്പീല്‍ സ്റ്റീവ് നിരാകരിച്ചിരുന്നു. തുടര്‍ന്ന് സഹീര്‍ ലക്ഷ്മണിനൊപ്പം ചേര്‍ന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചു.