തിരുവനന്തപുരം : ഭരണകക്ഷി എം.എല്‍.എ ആയത് കൊണ്ടല്ല ബഷീറിനെ അറസ്റ്റ് ചെയ്യാത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എഫ് .ഐ .ആറില്‍ പേര് വന്നാലുടന്‍ ഒരാളെ അറസ്റ്റ് ചെയ്യാമെങ്കില്‍ പ്രതിപക്ഷത്തുള്ള കെ. കെ ജയചന്ദ്രന്‍ എം.എല്‍.എയെയും അറസ്‌ററ് ചെയ്യണമായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു. സഭ പിരിഞ്ഞശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഷീറിനെതിരെ എഫ്.ഐ.ആര്‍ പരാമര്‍ശംദുര്‍ബലമാണ്. എഫ്.ഐ.ആറില്‍ പേര് വന്നാലുടന്‍ അറസ്റ്റ് ചെയ്യുന്നത് സര്‍ക്കാര്‍ നയമല്ലെന്നും അങ്ങനെയാണെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് അഞ്ചേരി ബേബി വധക്കേസില്‍ കെ.കെ.ജയചന്ദ്രനെയാണെന്നും അദ്ദേഹം പറഞ്ഞു.
‘തുടര്‍ച്ചയായി രണ്ടാംദിവസവും പ്രതിപക്ഷം ബഹളമുണ്ടാക്കിയത് മറ്റെന്തോ മറച്ചു പിടിക്കാന്‍ വേണ്ടിയാണ്. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചെങ്കിലും സംസാരിക്കുന്നില്ല എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നിലപാടാണ്. പ്രതിപക്ഷത്തിന്റെ ജനാധിപത്യ രീതിയിലുള്ള ഏത് പ്രതിഷേധവും ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാണ്.’

‘ബഷീറിന്റെ കേസ് ക്ലോസ്ഡ് ചാപ്റ്ററാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഇത് അന്വേഷിച്ചതാണ്.’ പണ്ടെങ്ങോ ഒരു പ്രസംഗം നടത്തിയ പേരില്‍ കൊലപാതകത്തില്‍ പ്രതിചേര്‍ക്കുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. പലപ്പോഴായി നടന്ന പ്രസംഗങ്ങള്‍ ക്ലബ്ബ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അന്വേഷണം നിഷ്പക്ഷമായി മുന്നോട്ട് പോകുമെന്നും യഥാര്‍ത്ഥ പ്രതികളെ എന്നായാലും പിടികൂടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അരീക്കോട് നടന്നത് രാഷ്ട്രീയ കൊലപാതകമല്ല കുടുംബവഴക്കാണെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബഷീന് കൊലപാതകത്തില്‍ പങ്കുണ്ടെങ്കില്‍ അദ്ദേഹത്തെ ലീഗ് സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.