ommenchandiതിരുവനന്തപുരം: പാമൊലിന്‍ കേസില്‍ വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കില്ലെന്ന് സൂചന. അതേസമയം വിജിലന്‍സ് വീണ്ടും അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞേക്കാന്‍ സാധ്യതയുണ്ട്. ഉമ്മന്‍ചാണ്ടി രാജിവെക്കേണ്ട ഒരു സാഹചര്യവും ഇപ്പോഴുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ കെ.പി.സി.സി പ്രസിഡണ്ട് അദ്ദേഹം വിജിലന്‍സ് വകുപ്പ് ഒഴിയുമോയെന്ന ചോദ്യത്തിന് വകുപ്പുകളുടെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന മറുപടിയാണ് നല്‍കിയത്.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 20 കൊല്ലം മുമ്പുള്ള കേസാണിത്. ഇടതുപക്ഷം ഭരിക്കുന്ന കാലത്താണ് പാമൊലിന്‍ കേസെടുത്തത്. വിശദമായ അന്വേഷണം നടത്തിയാണ് തന്നെ സാക്ഷിയാക്കിയത്. കേസില്‍ എന്റെ നിലപാട് താന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടത് ഭരണകാലത്താണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല വ്യക്തമാക്കി. 11.05.2011ല്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ അന്നത്തെ ധനകാര്യമന്ത്രിയുടെ ഓഫീസിന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പങ്കില്ലെന്ന് റിപ്പോര്‍ട്ട് കിട്ടിയ സാഹചര്യത്തില്‍ അത് അംഗീകരിക്കുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ യാതൊരു തെളിവും കൊണ്ടുവരാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. നിഷ്‌കളങ്കനും നിരപരാധിയുമായ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ അനുവദിക്കില്ല. കേസുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധമവുമില്ല. രണ്ട് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കണ്ടെത്തിയിട്ടില്ല. മൂന്നാമതൊരു അന്വേഷണം കൂടി ആയിക്കോട്ടെ. കോടതി വിധി മാനിക്കുന്നു. അന്വേഷണത്തെ നേരിടും- ചെന്നിത്തല വ്യക്തമാക്കി.

വിജിലന്‍സ് അന്വേഷണം വീണ്ടും നടത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വകുപ്പ് കൈകാര്യം ചെയ്യുന്നത് ശരിയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. രാജിവെക്കേണ്ട സാഹചര്യമില്ലെന്നും സംഭവത്തെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായോ ധാര്‍മ്മികമായോ മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്ന് കെ.എം മാണി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിക്കെതിരെ യാതൊരു തെളിവും ഹാജരാക്കിയിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തന്നെ നടത്തിയ അന്വേഷണത്തിലാണ് തെളിവില്ലെന്ന് കണ്ടെത്തിയത്. നടപടിക്രമപ്രകാരം ഇപ്പോള്‍ തുടരന്വേഷണം ഉത്തരവിട്ടത് തെറ്റാണ്. വിചാരണ ഘട്ടത്തില്‍ തെളിവ് ഹാജരാക്കുകയാണെങ്കില്‍ കോടതിക്ക് തുരന്വേഷണത്തിന് ഉത്തരവിടാം. ഇപ്പോള്‍ വിചാരണയോ പുതിയ തെളിവോ ആയിട്ടില്ല. തെളിവില്ലെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രാജിവെച്ച പോകാന്‍ ഞങ്ങള്‍ ഭീരുക്കളല്ലെന്നും മാണി വ്യക്തമാക്കി.

രാജിവെക്കേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രതിയാണോയെന്ന് കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷിച്ച് ഇല്ലെന്ന് കണ്ടെത്തിയതാണ്. ഇപ്പോള്‍ പുതിയൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.