തിരുവനന്തപുരം: പൊതു ജീവിതത്തില്‍ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്നും പാമൊലിന്‍ കേസില്‍ എന്നെ പ്രതിപ്പട്ടികയില്‍ ചേര്‍ത്താല്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തമായ തീരുമാനമുണ്ടെന്നും ഉമ്മന്‍ചാണ്ടി. ഈ തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്റിന്റെ അനുമതിയോടെ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാമോയില്‍ കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. നിയമം പാലിക്കുന്ന പൗരനെന്ന നിലയില്‍ ഇത് തന്റെ കടമയാണ്.

ഈ പ്രശനം നിമസഭയില്‍ വന്നപ്പോഴും ഇതേ നിലപാടാണ് താന്‍ സ്വീകരിച്ചത്. 15 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. കുറ്റപത്രം സമര്‍പ്പിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞു. ഇക്കാലമത്രയും എന്നെ പ്രതിയാക്കയിട്ടില്ല. സാക്ഷിയാക്കുക മാത്രമാണ് ചെയ്തത്. എന്നാലും വിജിലന്‍സ് അന്വേഷണത്തോട് സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറില്ല.