തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭ 18 ാം തിയതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. വൈകീട്ട് ഗവര്‍ണ്ണറെ കണ്ട് ഉമ്മന്‍ചാണ്ടി മന്ത്രിസഭാരൂപീകരത്തിന് അവകാശവാദമുന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരെ സൗഹാര്‍ദ്ദപരമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. ആരും തന്നെ മന്ത്രിസ്ഥാനത്തിന് വേണ്ടി അനാവശ്യമായ വിലപേശല്‍ നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് കുറഞ്ഞത് അടക്കമുള്ള കാര്‍ര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യുമെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു.

ആരോപണവിധേയരായവരെ മന്ത്രിസഭയിലെടുക്കുമോ എന്ന ചോദ്യത്തിന്, ആരോപണവിധേയനായതുകൊണ്ട് ആരെയും ഒഴിവാക്കേണ്ട ആവശ്യമില്ല. ആരോപണം തെളിയിച്ചാല്‍ ഒഴിവാക്കും. ആരോപണം പ്രധമദൃഷ്ട്യാ നിലന്ല്‍ക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. വി.എസ് പറയുന്നത് കേള്‍ക്കാനുള്ളതല്ല കോണ്‍ഗ്രസ്. വി.എസ് പറയുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പോലും കേള്‍ക്കുന്നില്ല. അദ്ദേഹം പറഞ്ഞത് ചെവി കൊണ്ട് ഞാനും കേട്ടു.

ഒരംഗമുള്ള കക്ഷികളേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും യു.ഡിയഎഫ് ആര്‍ഭാടം കുറച്ച് കൊണ്ടാണ് അടുത്ത 5 വര്‍ഷം ഭരണം നടത്തുമെന്നും പറഞ്ഞു. എന്നാല്‍ മന്ത്രിമാരുടെ എണ്ണം കുറച്ചുകൂടെ എന്ന പത്രക്കാരുടെ ചോദ്യത്തിന് മന്ത്രിമാരുടെ എണ്ണം 21 വരെയാകാമെന്നും തങ്കച്ചന്‍ പറഞ്ഞു.