തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറി ക്രമക്കേട് സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയ സാഹചര്യത്തില്‍ കേസില്‍ നിര്‍ദേശങ്ങള്‍ തേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കത്തയച്ചു. വി.ഡി.സതീശന്‍ എം.എല്‍.എയുടെ നിര്‍ദേശങ്ങളും മുഖ്യമന്ത്രി തേടിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തിലാണ് മുഖ്യമന്ത്രി അഭിപ്രായമാരാഞ്ഞിരിക്കുന്നത്.

ലോട്ടറി കേസില്‍ കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് അന്വേഷണം സി.ബി.ഐ അന്വേഷണ പരിധിയില്‍പ്പെടുത്തിയിട്ടില്ലെന്നും ഇത് മനപ്പൂര്‍വ്വമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി.എസിന്റെ നിര്‍ദേശങ്ങള്‍ തേടി മുഖ്യമന്ത്രി കത്തയച്ചത്.

ലോട്ടറി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് വി.ഡി.സതീശന്‍ ആയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി വിഷയം നിയമസഭക്കകത്തും പുറത്തും ശക്തമായി ഉന്നയിച്ച വ്യക്തികൂടിയാണ് സതീശന്‍.