എഡിറ്റോ-റിയല്‍

ചില ചാനലുകളും ചില പത്രങ്ങളും ചില ദിവസങ്ങളില്‍ സത്യത്തെ വിദഗ്ദമായി മറച്ചുവെയ്ക്കുന്നു. ചില സത്യങ്ങള്‍ അവര്‍ വിളിച്ചുപറയാന്‍ മടിക്കുന്നു. ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നു. കേരളത്തിലെ സമ്പൂര്‍ണ്ണമന്ത്രിസഭ അധികാരം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ മന്ത്രിസഭാതീരുമാനങ്ങള്‍ വാഴ്ത്തുമ്പോള്‍ അതേദിവസംതന്നെ എടുത്ത തീരുമാനത്തിലെ കളവിനെ അവര്‍ കണ്ടില്ലെന്നു നടിക്കുന്നു.

ആദ്യത്തെ മന്ത്രിസഭായോഗം അഡ്വക്കേറ്റ് ദണ്ഡപാണിയെ അഡ്വക്കേറ്റ് ജനറലാക്കാനും പി.സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാക്കാനുമെടുത്ത തീരുമാനം ഈ മന്ത്രിസഭയുടെ പോക്ക് എങ്ങോട്ടാണെന്നതിന്റെ ശരിയായ ദിശാസൂചകമാണ്. ഈ തീരുമാനങ്ങള്‍ മന്‍മോഹന്‍സിംങ് അഴിമതി ആരോപിതനായ തോമസസ്സിനെ സി.വി.സി യാക്കി നിയമിച്ചതിന് തുല്യമാണ്. ഒടുക്കം തോമസിനെ ഒഴിവാക്കാന്‍ സുപ്രീംകോടതിയ്ക്കിടപെടേണ്ടിവന്നുവെന്നതും ജനങ്ങള്‍ മറന്നുകാണില്ല.

സ്വഭാവദൂഷ്യത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശം നേരിടേണ്ടിവന്ന ആളാണ് ദണ്ഡപാണി. മകനെ നിയമബിരുദത്തിന് അനധികൃതമായും കൃത്യവിലോപം നടത്തിയും സ്വജനപക്ഷപാതം നടത്തിയും മോഡറേഷന്‍ നല്‍കി വിജയിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ദണ്ഡപാണിക്കെതിരെ ഉയര്‍ന്നിരുന്നു. ഐസ്‌ക്രീംപാര്‍ലര്‍ കേസ് അട്ടിമറിക്കുന്നതിന് പ്രധാനപങ്കുവഹിച്ച ആളാണ് ഐപ്പെന്ന് കേരളത്തിലെ എല്ലാവരും ഇന്ന് വിശ്വസിക്കുന്നു. ഐപ്പ് ഇതുവരെ കുറ്റവിമുക്തനായിട്ടുമില്ല.

ഐസ്‌ക്രീം പാര്‍ലര്‍കേസ് വിചാരണ നടക്കുന്ന സമയത്ത് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പദവി വഹിച്ച കെ.സി പീറ്റര്‍ ഒളിക്യാമറയില്‍ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്:’ഞങ്ങള്‍ എല്ലാ കാര്യങ്ങളും ഐപ്പിനെ ഏല്‍പിച്ചു. എല്ലാം ഉദ്ദേശിക്കുന്നതുപോലെ നടത്തിക്കൊള്ളാമെന്ന് അയാള്‍ ഏല്‍ക്കുകയും ചെയ്തു. പിന്നീടെന്തു നടന്നെന്ന കാര്യം ഐപ്പിനേ അറിയൂ’. ഐസ്‌ക്രീംകേസില്‍ െ്രെകംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച ഐപ്പിനെ കൊച്ചിയില്‍വെച്ച് ചോദ്യംചെയ്തിരുന്നു.

ഐസ്‌ക്രീംകേസ് നടക്കുന്ന കാലത്ത് നിയമമന്ത്രിയായിരുന്ന കെ.എം മാണി പ്രത്യേകതാല്‍പര്യമെടുത്ത് ഐപ്പിനെ ഐസ്‌ക്രീംകേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി പ്രത്യേക ഉത്തരവിലൂടെ ചുമതലപ്പെടുത്തുകയായിരുന്നു. മറ്റാരെങ്കിലും പ്രോസിക്യൂട്ടറായി വരുന്നതിനെ തടയാനായിരുന്നു ഈ നടപടി. ഐസ്‌ക്രീം കേസ് വീണ്ടും സജീവമാകുകയും കോടതിനടപടികള്‍ മുമ്പത്തേക്കാള്‍ ശക്തമാവുകയുംചെയ്ത സാഹചര്യത്തില്‍ ഐപ്പിന്റെ നിയമനം സംശയം ഉണര്‍ത്തുന്നു.

അഡ്വക്കേറ്റ് ജനറലും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായി ഇത്തരം ‘വിശുദ്ധരെ’ മാത്രമാണോ ഈ മന്ത്രിസഭയ്ക്കു ലഭിക്കുക എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു. അഴിമതിക്കേസുകളില്‍നിന്ന് ഈ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെയും രക്ഷിക്കാനാണ് ഈ നിയമനങ്ങള്‍ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമേതുമില്ല.
എന്നാല്‍ പത്രമാധ്യമങ്ങള്‍ മാധ്യമധര്‍മ്മം മറന്ന് മൗനംപാലിക്കുന്നതിന്റെ അര്‍ത്ഥം ഞങ്ങള്‍ക്കു മനസ്സിലാവുന്നില്ല. എല്ലാ മന്ത്രിമാരും ഇതോടെ വിശുദ്ധരായിക്കഴിഞ്ഞുവെന്നാണ് അവര്‍ പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വിശുദ്ധന്‍മാരുടെ ഒരു സഭയാണ് കേരളത്തെ നയിക്കുകയെന്ന് പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.