Administrator
Administrator
നിയമസഭാ സമ്മേളനം ജൂണ്‍ ഒന്നിന് തുടങ്ങും
Administrator
Monday 23rd May 2011 9:01pm

ummenchandiതിരുവനന്തപുരം: 13- നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിന് നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഒന്നിന് നടക്കും. പുതിയ സര്‍ക്കാരിന്റെ ആദ്യ സമ്മേളനം ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ ചേരും. ഇന്ന് ചേര്‍ന്ന ആദ്യ സമ്പൂര്‍ണ മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഓണ സമ്മാനമായി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയുടെ അരി വിതരണം ചെയ്യും. മെയ് 30ന് അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം ദീര്‍ഘിപ്പിക്കും.

പ്രോ ടേം സ്പീക്കറായി എന്‍. ശക്തനെ നിയമിച്ചു. കെ.പി ദണ്ഡപാണിയെ പുതിയ അഡ്വക്കറ്റ് ജനറലായി നിയമിച്ചു. പി.സി ഐപ്പ് ആണ് അഡീഷണല്‍ അഡ്വക്കെറ്റ് ജനറല്‍. സംസ്ഥാനത്തെ എം.പിമാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ വിട്ടുകൊടുക്കും. എം.പിമാരുടെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാണിത്.

കിളിരൂരിലെ ശാരിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കും. ശാരിയുടെ മകളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും. ശബരിമല മണ്ഡലകാലത്ത് കണമല അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രുണ്ടു ലക്ഷം രൂപയും പുല്ലുമേട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷംരൂപയും നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

എന്‍ഡോസള്‍ഫാന്‍, ലോട്ടറി, മൂലമ്പള്ളി, ശബരിമല തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തര മന്ത്രിസഭായോഗംവിളിക്കും. സത്യപ്രതിജ്ഞ ചടങ്ങിന് കെ. മുരളീധരനെ ക്ഷണിച്ചിരുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Advertisement