ummenchandiകോഴിക്കോട്: സര്‍ക്കാര്‍നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങളുമായി കൂടുതല്‍ അടുപ്പം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഐ.ഐ.എമ്മില്‍ ‘തുറക്കാത്ത സമ്മാനം’ എന്ന പേരില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള പഠനക്ലാസിനു മുന്നോടിയായി വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കി നടപടികളെടുക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേതൃപാടവം, സംസ്‌കാര രൂപീകരണം, തന്ത്രങ്ങള്‍ ആവിഷ്‌കരിക്കല്‍, സമയക്രമീകരണം, സമ്മര്‍ദ്ദം അതിജീവിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് ക്ലാസുകള്‍. വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്ലാസില്‍ കേരളത്തിന്റെ സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിശദീകരിക്കും. ഇതാദ്യമായാണ് സംസ്ഥാനത്ത് മന്ത്രിമാര്‍ക്ക് ഒരു മുഴുവന്‍സമയ പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. അതേസമയം ഭക്ഷ്യമന്ത്രി ടി.എം ജേക്കബ് ക്ലാസില്‍ പങ്കെടുക്കുന്നില്ല.