തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്  നടക്കുന്ന കേസന്വേഷണത്തെ കായികമായി തടഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.


ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുമായി സി.പി.ഐ.എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ തെളിവെടുപ്പിനെത്തിയ പോലീസ് സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ തിങ്കളാഴ്ച തടഞ്ഞിരുന്നു. ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇത്തരം നടപടികളില്‍ നിന്ന് സി.പി.ഐ.എം പിന്‍മാറണമെന്നും അന്വേഷണത്തില്‍ അപാകതയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി.പി വധവുമായി ബന്ധപ്പെട്ട അന്വേഷണം നേര്‍വഴിക്ക് തന്നെയാണ് പോകുന്നത്. എന്നാല്‍ പ്രതിപക്ഷം അനാവശ്യമായി യു.ഡി.എഫിനെ കുറ്റപ്പെടുത്തുകയാണ്.

എം.എം മണി പരസ്യമായി വിളിച്ചു പറയുകയാണ് അവര്‍ ലിസ്റ്റുണ്ടാക്കി ആളെ കൊന്നിട്ടുണ്ടെന്ന്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍ കൈയും കെട്ടി നോക്കിയിരിക്കണോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള എം.എം.മണിയുടെ വിവാദ പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. മണിയെ കേന്ദ്ര നേതൃത്വം വരെ തള്ളിപ്പറഞ്ഞു. എന്നിട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അദ്ദേഹത്തെ ന്യായീകരിക്കുകയാണ്.

ഇതിനെല്ലാം എന്തുമറുപടിയാണ് പറയേണ്ടത്. ഇത്രയും വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയ ഒരാളെയാണ് സംസ്ഥാന സെക്രട്ടറി ന്യായീകരിക്കുന്നത്. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.