കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ ഉദാരമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതിയുടെ മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാക്കും. പദ്ധതി സാമ്പത്തികമായി പരാജയപ്പെട്ടുവെന്ന് ഒരു വാദമുണ്ട്. എന്നാല്‍ അത് അടിസ്ഥാന രഹിതമാണ്. പദ്ധതി കൊച്ചിയുടെ ഗതാഗതപ്രശ്‌നത്തിന് ശ്വാശ്വത പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി മന്ത്രിമാരും ഉദ്യോഗസ്ഥരും വ്യാപാരി പ്രതിനിധകളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. മൂന്ന് ആഴ്ചക്കുള്ളില്‍ പദ്ധതിക്കായി പുതിയ കമ്പനിയുമായി കരാര്‍ ഒപ്പിടുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ സുതാര്യതയെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചുമുള്ള ആശങ്കയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പലരും പ്രകടിപ്പിച്ചത്. എന്നാല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് പൊതുനയമുണ്ടെന്നും മൂലമ്പള്ളിയില്‍ നടപ്പാക്കിയത് ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീട് നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ അഞ്ച് സെന്റ് ഭൂമിയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.