കൊച്ചി: സ്മാര്‍ട്ട്‌സിറ്റിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ ഏതുതരത്തിലുള്ള ഇടപെടലിനും തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്താന്‍ തയ്യാറുള്ളൂ എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

മുഖ്യമന്ത്രി ആവശ്യപ്പെടുകയാണെങ്കില്‍ സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തില്‍ ഇടപെടാന്‍ തയ്യാറാണ്. കരാറുമായി മുന്നോട്ടുപോകാന്‍ തുടര്‍ന്നു വരുന്ന സര്‍ക്കാറിനും ബാധ്യതയുണ്ടെന്നും അതില്‍ മാറ്റം വരുത്തണമെങ്കില്‍ നിയമപരമായ ഇടപെടല്‍ വേണ്ടിവരുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ 246 ഏക്കറും പ്രത്യേക സാമ്പത്തിക മേഖലയാണെന്നും അതില്‍ ഭൂമിക്ക് വില്‍പനാവകാശം നല്‍കാന്‍ കഴിയില്ലെന്നും ടീകോമിന് സര്‍ക്കാര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. കരാര്‍ പ്രകാരമുള്ള നടപടികള്‍ അടിയന്തരമായി നടപ്പാക്കാനും ടീകോമിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. മറുപടി യഥാസമയം നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് ടീകോമിനെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും സൂചനയുണ്ട്.