പുതുപ്പള്ളി : റീപോളിംഗ് നടക്കുന്ന കണ്ണൂരിലെ ബൂത്തുകളില്‍പ്പോലും സമാധാനം നിലനിര്‍ത്താന്‍ സാധിക്കാത്ത ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. നിര്‍ഭയമായി വോട്ടുചെയ്യാനുള്ള സാഹചര്യം പല ബുത്തുകളിലും ഇല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

കണ്ണൂരില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിലും റീപോളിംഗ് നടക്കുന്ന ഇടങ്ങളിലും വ്യാപകമായ അക്രമാണ് സി പി ഐ എം അഴിച്ചുവിടുന്നത്. അക്രമം തടയാന്‍ സാധിക്കാത്ത ആഭ്യന്തര മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യു ഡി എഫാണ് അക്രമത്തിന് പിന്നിലെന്ന സി പി ഐ എമ്മിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. പൂരപ്പറമ്പില്‍ പോക്കറ്റടിക്കാരന്‍ കള്ളന്‍, കള്ളനെന്ന് വിളിച്ചുപറയുന്നതിന് തുല്യമാണ് സി പി ഐ എമ്മിന്റെ ആരോപണം. തിരഞ്ഞെടുപ്പില്‍ യു ഡി എഫ് മികച്ച വിജയം നേടുമെന്നും ഉമ്മന്‍ ചാണ്ടി പ്രതീക്ഷ പ്രകടിപ്പിച്ചു.