കണ്ണൂര്‍: തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി തിരഞ്ഞെടുപ്പു കമ്മീഷന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെതിരായ കുറ്റപത്രമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച്ചയുണ്ടായെന്നും ഭരണരംഗത്തിന്റെ തകര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് 2007 ല്‍ കമ്മീഷന്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ 2009 ല്‍ മാത്രമാണ് ഇതിന് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായത്. തിരഞ്ഞെടുപ്പു നീട്ടിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.