തിരുവനന്തപുരം: പാമോലിന്‍ കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ കടിച്ചുതൂങ്ങാതെ രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിറണായി വിജയന്‍. പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി ഇടതുമുന്നണി മുന്നോട്ടു പോകുമെന്നും ഉമ്മന്‍ചാണ്ടിക്ക് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണം ഉമ്മന്‍ചാണ്ടി തന്നെ നടത്തുന്ന സ്ഥിതിയാണ്. ഉമ്മന്‍ചാണ്ടിയുടെ രാജി ഒഴിവാക്കാന്‍ യുഡിഎഫ് വിചിത്രമായ വാദങ്ങള്‍ ഉന്നയിക്കുകയാണ്. ഉമ്മന്‍ചാണ്ടി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിക്കഴിഞ്ഞതായും പിണറായി പറഞ്ഞു.

ലോകായുക്തയുടെ പരിധിയില്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടുമെങ്കില്‍ ദേശീയതലത്തില്‍ ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് പിണറായി ചോദിച്ചു. എന്നാല്‍ ലോക്പാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണെന്ന് പറയാനാവില്ല. ജസ്റ്റിസ് സെന്നിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ രാജ്യസഭയില്‍ പൂര്‍ത്തിയായ ശേഷം ലോക്‌സഭയില്‍ പുരോഗമിക്കാനിരിക്കുകയാണ്. ജുഡീഷ്യറി രംഗത്തെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ ഒരു ദേശീയ ജുഡീഷ്യല്‍ കമ്മിഷന്‍ ആവശ്യമാണ്. ജനാധിപത്യം പണാധിപത്യമാകാതിരിക്കാന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്നും പിണറായി ആവിശ്യപ്പെട്ടു.

വിജിലന്‍സ് വകുപ്പിനെ നിഷ്പ്രഭമാക്കുന്ന വിധത്തില്‍ ആഭ്യന്തര വകുപ്പും പൊതുഭരണ വകുപ്പും കൈവശം വെക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് അന്വേഷണത്തില്‍ ഇടപെടാനാകുമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പടപേടിച്ച് ഡല്‍ഹിയിലേക്ക് തിരിച്ച ഉമ്മന്‍ചാണ്ടിയെ അവിടെ കാണാനിരിക്കുന്നത് പന്തം കൊളുത്തിപ്പടയാണ്. മര്യാദയ്ക്ക് ജനാധിപത്യ പ്രതിഷേധം മാനിച്ച് രാജിവയ്ക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണം – വി.എസ്. ആവശ്യപ്പെട്ടു.