പോളിറ്റിക്കല്‍ ഡെസ്‌ക്

തിരുവനന്തപുരം: കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഈ സംഭവത്തിന് ഐസ്‌ക്രീംപാര്‍ലര്‍ കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞത്. കേസില്‍ തുടരന്വേഷണം വേണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള കോടതയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ജെയ്‌സണ്‍ കെ എബ്രഹാമിന്റെ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

പ്രത്യക്ഷത്തില്‍ തന്നെ ഈ വാദം തെറ്റാണെന്നാണ് വ്യക്തമാകുന്നത്. ഐസ്‌ക്രീംകേസുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്നും കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി രാധാകൃഷ്ണപിള്ള നല്‍കിയ റിപ്പോര്‍ട്ടിനെതിരെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍.കെ അബ്ദുല്‍ അസീസ് നല്‍കിയ പരാതിയിലാണ് ഇന്നലെ കോടതി ഉത്തരവുണ്ടായത്. കേസന്വേഷണത്തിനു ചുമതലയില്ലാത്ത ഉദ്യോഗസ്ഥനായ അസി. കമ്മീഷണര്‍ രാധാകൃഷ്ണപിള്ള പ്രതികള്‍ക്കൊപ്പം നിന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുല്‍ അസീസ് പരാതി നല്‍കിയിരുന്നത്. ഈ പരാതി പരിഗണിച്ച കോടതി കേസ് അന്വേഷിക്കാന്‍ ഐസ്‌ക്രീംകേസ് അന്വേഷണ ഉദ്യോഗസ്ഥനായ ജെയ്‌സണ്‍.കെ എബ്രഹാമിനോട് ആവശ്യപ്പെടുകയാണുണ്ടായത്. മുഖ്യമന്ത്രി പറഞ്ഞതുപ്രകാരം ജെയ്‌സണ്‍. കെ എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം കോടതി പരിഗണിച്ചതെങ്കില്‍ അദ്ദേഹത്തിനെ തന്നെ കോടതി അന്വേഷണചുമതലയേല്‍പ്പിക്കുമോയെന്നാണ് ഉയരുന്ന ചോദ്യം.

15 വര്‍ഷം മുമ്പാണ് കോഴിക്കോട് റെയില്‍വേട്രാക്ക് രണ്ട് പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്ന് തന്നെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരം അന്ന് അന്വേഷണവും നടന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ യാതൊരു ദുരൂഹതയും ഇല്ലെന്നും സ്വവര്‍ഗാനുരാഗമാണ് ഇവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ പതിനഞ്ചുവര്‍ഷത്തിനുശേഷം കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ റഊഫ് നടത്തിയ ചില വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഈ സംഭവത്തിന് ഐസ്‌ക്രീംകേസുമായി ബന്ധമുണ്ടെന്ന് ആരോപണം ശക്തമായത്. ഇതേ തുടര്‍ന്ന് നാഷണല്‍ സെക്യുലര്‍ കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ അസീസ് പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിക്കു പുറമേ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അബ്ദുല്‍ അസീസ് പരാതി നല്‍കിയിരുന്നു. ഈ പരാതിയനുസരിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഐസ്‌ക്രീം കേസ് അന്വേഷിച്ചിരുന്ന ജെയ്‌സണ്‍. ജെ എബ്രഹാമിനായിരുന്നു ഈ കേസിന്റെയും ചുമതല.

അബ്ദുല്‍ അസീസിന്റെ ഹരജി പരിഗണിച്ച കോടതി ഇതുസംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നടക്കാവ് പോലീസ് കോടതിയില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പതിനഞ്ച് വര്‍ഷം മുമ്പ് കേസ് ക്ലോസ് ചെയ്യുമ്പോഴുണ്ടായ റിപ്പോര്‍ട്ടാണ് പോലീസ് സമര്‍പ്പിച്ചതെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

ഐസ്‌ക്രീംകേസിന്റെ യാതൊരു ചുമതലയുമില്ലാത്ത രാധാകൃഷ്ണപിള്ള റിപ്പോര്‍ട്ട് നല്‍കിയത് ഏറെ സംശയങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഐസ്‌ക്രീംകേസ് അന്വേഷണം അട്ടിമറിക്കാനായി പി.കെ കുഞ്ഞാലിക്കുട്ടി സ്വാധീനം ചെലുത്തിയാണ് രാധാകൃഷ്ണപിള്ളയെ കോഴിക്കോട് എ.സി.പിയായി പോസ്റ്റ് ചെയ്തതെന്നതായിരുന്നു പ്രധാന ആരോപണം. കോഴിക്കോട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ തോക്കുപ്രയോഗിച്ച രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിന് പിന്നിലും ഈ അവിഹിതബന്ധമാണെന്ന് ആരോപണമുണ്ട്.

അതുകൊണ്ടുതന്നെ ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണോ അതോ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവയ്ക്കണമെന്ന ഉദ്ദേശത്തിലാണോ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത് എന്നാണ് അറിയേണ്ടത്.