എഡിറ്റര്‍
എഡിറ്റര്‍
വികസന വര്‍ഷം കാരുണ്യവര്‍ഷം
എഡിറ്റര്‍
Friday 18th May 2012 9:45am

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലേഖനം

കേരളമിന്ന് ആഗോളതലത്തിലും  ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.  ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന കേരളത്തിന്റെ ഭരണനടപടികള്‍ യുഎന്‍ഡിപിയും ന്യൂയോര്‍ക്ക് ടൈംസുമൊക്കെ ചര്‍ച്ച ചെയ്യുന്നു. ആഗോളതലത്തിലുള്ള ജനാധിപത്യഭരണ പരിഷ്‌കാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രത്തലവ•ാരുടെ സമ്മേളനം കേരളത്തില്‍ നടത്താന്‍ യുഎന്‍ഡിപി ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു.  കേരളത്തിനു ലഭിച്ച വലിയ അംഗീകാരമാണിത്.
ഒരു വശത്ത് ജനാധിപത്യത്തെ  ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് സിപിഎം ഫാസിസത്തിന്റെ കെട്ടഴിച്ചുവിടുകയാണ്. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ അരുംകൊല സൃഷ്ടിച്ച ഞടുക്കത്തില്‍ നിന്ന് നമ്മള്‍ മോചിതരായിട്ടില്ല. കേരളം കണ്ട ഏറ്റവും ഭീകരമായ ഈ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ട് കേരളം തരിച്ചുനില്ക്കുകയാണ്.  തലശേരി സ്വദേശി ഫസല്‍, കാസര്‍ഗോഡ് പെരള സ്വദേശി ജബ്ബാര്‍, കണ്ണൂര്‍ സ്വദേശി ഷുക്കൂര്‍  എന്നിവരുടെ കേസുകള്‍ അന്വേഷിച്ചപ്പോള്‍ പുറത്തുവന്നതും ക്രൂരതയുടെ ബീഭത്സരൂപമാണ്.  ഇതുവരെ രഹസ്യമായി ചെയ്തിരുന്ന പാര്‍ട്ടിക്കോടതി വിധി, ക്വട്ടേഷന്‍ കുരുതി തുടങ്ങിയവ ആദ്യമായി മറനീക്കി ജനങ്ങളുടെ മുമ്പില്‍ നില്ക്കുന്നു. പോലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്  സത്യം പുറത്തു വരുന്നത്.

കേരളം വലിയൊരു കുതിച്ചുചാട്ടത്തിനു തയാറെടുക്കമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിനു ഭൂഷണമല്ല. ഉചിതമായ രാഷ്ട്രീയകാലാവസ്ഥ ഏതൊരു ദേശത്തിന്റെയും മുന്നേറ്റത്തിന് അനിവാര്യമാണ്. സെപ്റ്റംബറില്‍ കൊച്ചിയില്‍ നടക്കാന്‍ പോകുന്ന ആഗോള നിക്ഷേപ സംഗമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും മുംബൈയിലും നടത്തിയ കൂടിക്കാഴ്ചകള്‍  വലിയ പ്രതീക്ഷ ജനിപ്പിക്കുന്നു. കേരളത്തിന്റെ മാറിവരുന്ന മുഖം നിക്ഷേപകര്‍ തിരിച്ചറിയുന്നു. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന് അവസരമൊരുക്കുന്ന ഹൈസ്പീഡ് റെയില്‍ കോറിഡോര്‍, കൊച്ചി മെട്രോ റെയില്‍, തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍, സ്മാര്‍ട്ട് സിറ്റി, കൊച്ചി, വിഴിഞ്ഞം  രാജ്യാന്തര കണ്ടെയ്‌നര്‍ ഷിപ്പ്‌മെന്റ്  ടെര്‍മിനലുകള്‍, കണ്ണൂര്‍ ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍, കൊച്ചി- കോയമ്പത്തൂര്‍ വ്യവസായിക ഇടനാഴി, ദേശീയജലപാത തുടങ്ങിയവ അടിസ്ഥാനവികസനത്തില്‍ കേരളത്തെ ദശകങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.
ഈ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാണെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് സ്മാര്‍ട്ട് സിറ്റിയുടെ ഒറ്റ ഉദാഹരണത്തിലൂടെ വ്യക്തമാകും. ഇടതുസര്‍ക്കാര്‍ അഞ്ചുവര്‍ഷം വെറുതെ കളഞ്ഞശേഷമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി ഈ സര്‍ക്കാരിനു കൈമാറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. നാലുമാസംകൊണ്ട് പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് സിറ്റി പവലിയന്റെ ഉദ്ഘാടനവും പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ജൂണ്‍ ഒന്‍പതിനു നടക്കും. 18 മാസംകൊണ്ട് സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനം പൂര്‍ണമായി ആരംഭിക്കും.

അടിസ്ഥാനവികസനത്തിലൂടെ കൂടുതല്‍ നിക്ഷേപങ്ങളും തൊഴിലും വളര്‍ച്ചയും ഉണ്ടാകും.  ഇതിന്റെ പ്രയോജനം താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നതുവരെ അവരെ കരുതലോടെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഒന്നാമത്തെ ചുമതലയാണ്. മാരക രോഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപവരെ ധനസഹായം ലഭിക്കുന്ന കാരുണ്യ ബെനവലന്റ്  ഫണ്ട്, ബധിര- മൂകരായ കുഞ്ഞുങ്ങളുടെ കേഴ്‌വിശക്തി വീണ്ടെടുക്കാനുള്ള സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, അംഗവൈകല്യം ബാധിച്ചവര്‍ക്ക് ത്രീവീലര്‍ സഹായം തുടങ്ങിയവയ്ക്കു തുടക്കമിട്ടു. പിന്നാക്ക വികസന കോര്‍പറേഷനും മുന്നാക്ക സമുദായ വികസന കോര്‍പറേഷനും ആരംഭിച്ചു. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്കു പ്രത്യേക കരുതല്‍ നല്കി.
ഒരു രൂപ നിരക്കില്‍ 25 കിലോ അരി നല്കുന്ന പദ്ധതി തുടരുന്നു. മാലിന്യപ്രശ്‌നത്തിനു യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടിരിക്കും. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നവര്‍ക്കെതിരേ കേരളം സ്വീകരിച്ച നിലപാടിന് വ്യാപകമായ അംഗീകാരം ലഭിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടും അംഗീകരിക്കപ്പെട്ടു. തുടര്‍ന്നും പുതിയ ഡാമിനുവേണ്ടി കേരളം ശക്തമായ നടപടികള്‍ സ്വീകരിക്കും.

അഞ്ചുവര്‍ഷത്തിനുശേഷം സ്വാശ്രയമേഖലയില്‍ ആശയക്കുഴപ്പമില്ലാതെ സമയത്തുതന്നെ തീരുമാനങ്ങള്‍ ഉണ്ടായി. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു ചെയ്യാവുന്നത് സമയത്തുതന്നെ ചെയ്തതില്‍ അഭിമാനമുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്തെ പോരായ്മകള്‍ നികത്താന്‍ ശക്തമായ ഇടപെടലുകള്‍ ഈവര്‍ഷം തന്നെ ഉണ്ടാകും. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കിയതുമൂലം തൊഴില്‍രഹിതര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പിഎസ്‌സി ലിസ്റ്റുകള്‍ നീട്ടി. പിഎസ്‌സി ഏപ്രില്‍ 30 വരെ 32,987 പേരെ അഡൈ്വസ് ചെയ്തു. കെ.എസ്.ആര്‍.ടി.സി സ്ഥിരപ്പെടുത്തിയവരെയും (3,386), അധ്യാപക പാക്കേജില്‍ നിയമിച്ചവരെയും (10,556) ചേര്‍ത്താല്‍ 46,929 പേര്‍ക്ക് നിയമനം. അഞ്ചു വര്‍ഷത്തിനുശേഷം കഴിഞ്ഞ ഒരു വര്‍ഷം വികലാംഗ വിഭാഗത്തില്‍ അഡൈ്വസ് ചെയ്തവര്‍ 1,039 പേരാണ്.

ഒരു വര്‍ഷംമുമ്പ് അധികാരമേറ്റപ്പോള്‍, നേരിയ ഭൂരിപക്ഷം മാത്രമുള്ള ഈ സര്‍ക്കാരിന് എന്തുചെയ്യാന്‍ സാധിക്കുമെന്നു പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ സുസ്ഥിരതയെക്കുറിച്ച് ആര്‍ക്കും സംശയമില്ല. വികസനത്തിന് അടിത്തറയിടുകയും  കാരുണ്യംവര്‍ഷിക്കുകയും ചെയ്ത  വര്‍ഷമാണ്   പിന്നിട്ടത്. നൂറുദിന പരിപാടിയുടെ വിജയം സര്‍ക്കാരിന്റെ പ്രവര്‍ത്തനക്ഷമത വെളിപ്പെടുത്തി. ചില ജില്ലകളില്‍ 19 മണിക്കൂര്‍ വരെ നീണ്ട ജനസമ്പര്‍ക്ക പരിപാടി ചരിത്രവിജയമായി. മൂന്നു ലക്ഷത്തോളം ആളുകളുടെ പരാതികളാണ് 14 ദിവസംകൊണ്ടു പരിഹരിച്ചത്. ഒരു വര്‍ഷ പരിപാടി വിജയകരമായ പരിസമാപ്തിയിലേക്കു നീങ്ങുന്നു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്  നടക്കുന്നതിനിടയിലാണ് യുഡിഎഫ് സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നത്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പു ചട്ടം ബാധകമെങ്കിലും ആക്ഷേപങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ തെരഞ്ഞെടുപ്പിനുശേഷം നടത്താന്‍ മാറ്റിവച്ചു.  സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയംമൂലം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പാണ് നെയ്യാറ്റിന്‍കരയില്‍ നടക്കുന്നത്. രാജിവച്ചപ്പോള്‍ ശെല്‍വരാജ് സിപിഎമ്മിനെതിരേ ഉന്നയിച്ച വിഷയങ്ങള്‍  നൂറു ശതമാനം ശരിയാണെന്നു തെളിഞ്ഞു. ഒഞ്ചിയവും നെയ്യാറ്റിന്‍കരയും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണ്.

ഉപതെരഞ്ഞെടുപ്പുകള്‍ എപ്പോഴും സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാണ്.  പിറവത്ത്  ഉണ്ടായ  വിലയിരുത്തല്‍  നെയ്യാറ്റിന്‍കരയിലും  ആവര്‍ത്തിക്കും. പിറവത്ത് യുഡിഎഫ് നേരിട്ടത് ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷത്തെയായിരുന്നു. എന്നാല്‍  നെയ്യാറ്റിന്‍കരയില്‍ ക്വട്ടേഷന്‍കാരും അവര്‍ക്കെതിരേ എല്ലാവരും എന്നതാണ് ചിത്രം. കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ കേരളം ഇതുപോലെ ഒന്നിച്ചിട്ടില്ല. ചന്ദ്രശേഖരന്‍ കേരളത്തിന്റെ നീറുന്ന ഓര്‍മയാണ്.  ഷുക്കൂര്‍, ഫസല്‍, ജബ്ബാര്‍ തുടങ്ങിയ നിരവധി പേരും  നമ്മുടെ വേദനയാണ്. ഇനിയാര്‍ക്കും ഇതു സംഭവിക്കരുത്. ഇനിയൊരായുധം ഉയരരുത്.  മറ്റൊരു നിലവിളി കേള്‍ക്കരുത്. അതിന് എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം ആവശ്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വയലാര്‍ രാമവര്‍മ എഴുതി- ”സ്‌നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്‌നേഹിച്ചിടത്തൊരു തത്വശാസ്ത്രത്തെയും.”

നിറഞ്ഞ സംതൃപ്തിയോടെയാണ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ  മുമ്പില്‍ നില്ക്കുന്നത്. ഏറെ ചെയ്തു, അതിലേറെ തുടക്കമിട്ടു. 2030 ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ സജീവമാക്കി. കേരളത്തിന്റെ മെന്റര്‍ സാം  പെട്രോഡ തയാറാക്കിയ പത്തിന പരിപാടി, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ചന്ദ്രശേഖര്‍ വൈസ് ചെയര്‍മാനായ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് തയാറാക്കിയ കേരളത്തിന്റെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി, മെട്രോമാന്‍ ഇ. ശ്രീധരന്‍ നേതൃത്വം നല്കുന്ന റെയില്‍ പദ്ധതി തുടങ്ങിയവ അടിസ്ഥാനവികസന രംഗത്ത് കേരളത്തെ ബഹുകാതം മുന്നിലെത്തിക്കും. നിലവിലുള്ള നാല് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി സാധരണക്കാര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും. കേവലം അഞ്ചുവര്‍ഷമല്ല, പ്രത്യുത 2030ന് അപ്പുറത്തുള്ള കേരളത്തെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ഭരണപരമായ കാര്യങ്ങളില്‍  വീഴ്ച വരുത്താതെ എല്ലാവരും ജാഗരൂകരായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നിന്നു. തങ്ങളുടെ പ്രശ്‌നങ്ങളേക്കാള്‍ നാടിന്റെയും ജനങ്ങളുടെയും  പ്രശ്‌നങ്ങള്‍ക്ക് എല്ലാവരും പ്രാമുഖ്യം നല്കി. സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്തപ്പോള്‍ അവരും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പംനിന്നു. രാഷ്ട്രീയമായ വിയോജിപ്പ് ഉള്ളപ്പോഴും സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരേ സമരം നടത്തിയപ്പോഴും പ്രതിപക്ഷം വികസനവും കരുതലുമെന്ന സമീപനത്തോടു സഹകരിച്ചു.
തെറ്റുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുത്തി. പരിഭവങ്ങളും പരാതികളും അര്‍ഹിക്കുന്നവിധത്തില്‍ പരിഗണിച്ചു. എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കാന്‍ ശ്രമിച്ചു. അതില്‍ പൂര്‍ണമായി വിജയിച്ചു എന്നവകാശപ്പെടുന്നില്ല. പക്ഷേ, സഹിഷ്ണുതയോടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായി  ശ്രമിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷവും ഈ ഒരു വര്‍ഷവും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു എന്നാണു ഞങ്ങളുടെ വിശ്വാസം. വികസനവും കരുതലും എന്ന മുദ്രാവാക്യം നെഞ്ചോടു ചേര്‍ത്തുവച്ച് എല്ലാവരും കഠിനമായി അധ്വാനിച്ചു. പാതിരാവില്‍ പോലും സെക്രട്ടേറിയറ്റിലെ ലൈറ്റുകള്‍ അണഞ്ഞില്ല.  സുതാര്യത മുഖമുദ്രയാക്കി ജനങ്ങളോട് ചേര്‍ന്നു നില്ക്കുന്ന സര്‍ക്കാരാണിത്. അധികാരത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ടപ്പോള്‍ സമാനതകളില്ലാത്ത വിധത്തില്‍ ജനം സര്‍ക്കാരിനു പിന്തുണ നല്കി. ഈ ഊര്‍ജം ഏറ്റെടുത്ത് സര്‍ക്കാര്‍ കൂടുതല്‍ കരുത്തോടെയും ജാഗ്രതയോടെയും മുന്നോട്ടുപോകും.

Advertisement