കൊച്ചി: പിറവം തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 17ാം തിയ്യതിയിലേക്ക് തിരഞ്ഞെടുപ്പ്  മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് യോഗത്തിനുശേഷം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാര്‍ച്ച് 18ന് പിറവം ഉപതിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ അന്ന് ഞായറാഴ്ചയാണെന്നും അത് അവധിദിവസമാണെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തെ തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഞായറാഴ്ച തിരഞ്ഞെടുപ്പ് നടത്തുന്ന രീതി മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Subscribe Us:

പ്രതിപക്ഷം അഭിപ്രായപ്പെടുന്നതുപോലെ പിറവം തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാണ്. ഐക്യമുന്നണി സര്‍ക്കാരിന് ഘടകകക്ഷികളുമായി യോജിച്ച് നല്ല ഭരണം കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. മുന്നണിയിലെ പ്രശ്‌നങ്ങള്‍ ഇതുവരെ ഭരണത്തിനെ ബാധിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുമുന്നണി സര്‍ക്കാര്‍ പരസ്പരം പോരടിക്കുകയാണ് ചെയ്തത്. അതില്‍ നിന്നും വ്യത്യസ്തമായ വികസനപ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോകാന്‍ യു.ഡി.എഫ് സര്‍ക്കാരിനായിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവെയ്പുണ്ടായ സംഭവത്തില്‍ മൃഗീയമായ കൊലപാതകമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അതീവഗൗരവമുള്ള കുറ്റകൃത്യമാണത്.ഇതിനെതിരെ കര്‍ശനമായ നിയനടപടികള്‍ സ്വീകരിക്കും. ഇതുവരെയുള്ള കേസിന്റെ പുരോഗതി അഡ്വക്കറ്റ് ജനറലുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും സംസാരിച്ച് താന്‍ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ശക്തമായ നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തുവച്ചാണ് സംഭവം നടന്നതെന്നാണ് ഇറ്റാലിയന്‍ അധികൃതരുടെയും കപ്പല്‍ അധികൃതരുടെയും വാദം. ഇത് സര്‍ക്കാര്‍ ഇതുവരെ  അംഗീകരിച്ചിട്ടില്ല. വെടിവയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് അകത്താണെന്ന കാര്യം തെളിയിക്കുന്നതിനാവശ്യമായ രേഖകളും കാര്യങ്ങളും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തന്നെ ഇക്കാര്യം തെളിയിക്കേണ്ടിവരും. അതിനാവശ്യമായ സമയമെടുക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. നിയമത്തിന്റെ എല്ലാ പഴുതുകളും അടയ്ക്കുന്നതിനാണ് കാലതാമസമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് ദിവസമായിട്ടും കപ്പലിലുള്ളവര്‍ക്കെതിരേ നടപടിയെടുക്കാഞ്ഞതെന്തെന്ന ചോദ്യത്തിന് പ്രശ്‌നത്തെ വികാരപരമായി സമീപിക്കാനാകില്ലെന്നും ഇത്തരമൊരു സംഭവം ഇവിടെ ആദ്യമാണെന്നും അദ്ദേഹം മറുപടി നല്‍കി.

Malayalam news

Kerala news in English