തിരുവനന്തപുരം: കൊച്ചി സ്‌കൈസിറ്റി പദ്ധതി എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ സ്‌കൈസിറ്റി പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

‘സ്‌കൈ സിറ്റി പദ്ധതിയോ, അതെന്താ, അതെവിടെയാ…’- ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പദ്ധതിയുടെ പേര് ആദ്യമായി കേള്‍ക്കുന്ന ഭാവമായിരുന്നു അപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മുഖത്ത്. പിന്നീട് കൊച്ചിയില്‍ വേമ്പനാട് കായലിന് കുറുകെ നിര്‍മ്മിക്കുന്ന പദ്ധതിയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ അങ്ങോട്ട് പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. അതു കേട്ട് ഉമ്മന്‍ചാണ്ടി തലയാട്ടുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നിഷേധിച്ച കൊച്ചി സ്‌കൈ സിറ്റി പദ്ധതിക്ക് ഉമ്മന്‍ചാണ്ടി മന്ത്രിസഭ രഹസ്യ അനുമതി നല്‍കിയത് വാര്‍ത്തയായിരുന്നു.

കോണ്‍ഗ്രസില്‍ മാധ്യമങ്ങള്‍ പറയുന്നതുപോലെയുള്ള പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കെ. സുധാകരന്റെ ഫ്‌ളെക്‌സ് സ്ഥാപിച്ച പോലീസുകാരെ സസ്‌പെന്റ് ചെയ്ത നടപടിയെ അദ്ദേഹം വീണ്ടും ന്യായീകരിച്ചു. വ്യവസ്ഥകള്‍ എല്ലാവര്‍ക്കും ബാധകമാണ്. അതില്‍ മുഖ്യമന്ത്രിയെന്നോ മന്ത്രിയെന്നോ വ്യത്യാസമില്ല. ചങ്ങനാശ്ശേരിയില്‍ തന്റെ ഫ്‌ളെക്‌സ് സ്ഥാപിച്ച പോലീസുകാരനെ സസ്‌പെന്റ് ചെയ്തിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടപ്പള്ളി മണ്ണൂറ്റി ദേശീയ പാതയില്‍ ആറ് മാസത്തിനുള്ളില്‍ സര്‍വീസ് റോഡുകള്‍ നിര്‍മിക്കും. ആറ് മാസത്തിനകം റോഡ് നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ ടോള്‍ പിരിവ് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

വി.എസ് തടഞ്ഞ വിവാദ പദ്ധതിക്ക് ഉമ്മന്‍ചാണ്ടിയുടെ രഹസ്യ അനുമതി