ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുകയും തമിഴ്‌നാടിന് വെള്ളം നല്‍കുകയും ചെയ്തു കൊണ്ട് കൂടുതല്‍ വിശ്വാസ യോഗ്യമായ കരാറിന് കേരളം സന്നദ്ധത അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ജലവിഭവ ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേരാനും തീരുമാനമായി. പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസില്‍ പ്രധാനമന്ത്രിയെയും ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സാലുമായും നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണ് ഇക്കാര്യങ്ങള്‍.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള അനുമതിക്കായി കേന്ദ്രം ഇടപെടണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പുതിയ അണക്കെട്ട് നിര്‍മിച്ചാലും തമിഴ്‌നാടിന് ആവശ്യമായ ജലം നല്‍കാന്‍ കേരളം തയ്യാറാണ്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമെടുക്കും. ഭരണപരമായ പരിധിയില്‍ നിന്ന് കേന്ദ്രം ഇടപെടണമെന്നാണ് കേരളം ആവശ്യപ്പെടുന്നതെന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ആശങ്കയകറ്റാനുള്ള എല്ലാ നടപടികള്‍ക്കും കേരളം ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍കരുതലെന്ന നിലയില്‍ തല്‍കാലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനും തീരുമാനിച്ചതായി കേരളാ ഹൗസില്‍ ചേര്‍ന്ന സംസ്ഥാന എം.പി.മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച ചേരുന്ന ജലവിഭവ ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി അണക്കെട്ടുമായി ബന്ധപ്പെട്ട സാങ്കേതിക റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെയും മറ്റും വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ ആറിന് വീണ്ടും സര്‍വകക്ഷി യോഗം വിളിക്കും.

കേരളവും തമിഴ്‌നാടും കേന്ദ്രവുമാണ് പുതിയ കരാറിലെ ത്രികക്ഷികള്‍. ത്രികക്ഷി കരാര്‍ ഉണ്ടാക്കി കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും തമിഴ്‌നാട്ടുകാര്‍ക്ക് വെള്ളവും ഉറപ്പു വരുത്തണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് പ്രധാനമായും ആവശ്യപ്പെട്ടത്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ നേരിട്ട് കരാര്‍ ഒപ്പിടുക, കേന്ദ്രസര്‍ക്കാറിന്റെ സാന്നിധ്യത്തില്‍ ത്രികക്ഷി കരാര്‍, നിയമനിര്‍മാണം എന്നീ മൂന്നു സാധ്യതകളാണുള്ളത്.

പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രിയെയും ജലവിഭവമന്ത്രിയെയും കണ്ടശേഷം മുഖ്യമന്ത്രി ധര്‍ണ നടത്തുന്ന കേരള എം.പി. മാരെയും സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.

Malayalam News
Kerakla News in English