കോട്ടയം: ജമാഅത്തെ ഇസ്‌ലാമിയുമായോ ബി.ജെ.പിയുമായോ കോണ്‍ഗ്രസ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവരുടെ ആശയങ്ങളുമായി യോജിപ്പില്ല. ജമാഅത്തെയുമായി ഒരു കൂട്ടുകെട്ടിനും യുഡിഎഫ് തയാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെയുടെ വോട്ടു വേണ്ടെന്നു പറയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജനാധിപത്യത്തിലെ മര്യാദ പാലിക്കുമെന്നായിരുന്നും അദ്ദേഹം മറുപടി പറഞ്ഞു. ബിജെപിയുമായി ഇതുവരെ സഹകരിക്കാത്ത ഏക ദേശീയ പാര്‍ട്ടിയാണു കോണ്‍ഗ്രസെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനം ചര്‍ച്ചാ വിഷയമായാല്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലാകും. അതു കൊണ്ടാണു വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വി.എസ്.അച്യുതാനന്ദന്‍ ശ്രമിക്കുന്നത്.

മൂന്നാറിലെ ഭൂമി മുഴുവന്‍ തിരിച്ചെടുക്കുമെന്ന് പറഞ്ഞ വി.എസ് ഒരിഞ്ചു ഭൂമി തിരിച്ചുപിടിച്ചിട്ടില്ല. സി.പി.ഐ.എം പ്രവര്‍ത്തകര്‍ ചിന്നക്കനാലിലെ ഭൂമി മുഴുവന്‍ കൈയ്യേറിയിരിക്കുകയാണ്. കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ പാര്‍ട്ടി എതിര്‍ക്കാറില്ല. കോണ്‍ഗ്രസ് പ്രതികാര രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിളിരൂര്‍ കേസിലെ വി.ഐ.പിയെ ഉള്‍പ്പെടെ പെണ്‍വാണിഭക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യുമെന്നായിരുന്നു വി.എസിന്റെ വാദം. അഞ്ചു വര്‍ഷത്തിനു ശേഷവും അദ്ദേഹം അതു തന്നെയാണു പറയുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രവര്‍ത്തനം ആണു കാഴ്ച വച്ചത്. കോണ്‍ഗ്രസിലെ എല്ലാ തീരുമാനങ്ങളും കൂട്ടായെടുക്കുന്നതാണ്. കോണ്‍ഗ്രസിന്റെ നേതൃത്വം സംബന്ധിച്ചു കൂട്ടായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. തിരഞ്ഞെടുപ്പിനു ശേഷമുളള ഒരു കാര്യവും യു.ഡി.എഫില്‍ തീരൂമാനിച്ചിട്ടില്ല. ആരു നേതാവാകുമെന്നു തിരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കും.

കേന്ദ്രത്തില്‍ അഴിമതി കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണു സ്വീകരിക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന ഒരാള്‍ ഇപ്പോള്‍ ജയിലിലാണ്. എന്നാല്‍ കേരളത്തില്‍ അഴിമതിക്കാരെ സഹായിക്കാന്‍ ഖജനാവില്‍ നിന്നു പണം ചെലവഴിക്കുന്നു. ഇതു ജനങ്ങള്‍ തിരിച്ചറിയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.