umman-chandyതിരുവനന്തപുരം: കോഴിക്കോട് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് ഐസ്‌ക്രീംകേസുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഭവവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

15 വര്‍ഷം മുന്‍പു നടന്ന സംഭവമാണ്. ഇതില്‍ ഒന്‍പതു വര്‍ഷം ഇടതു ഭരണമായിരുന്നു. അന്നൊന്നും ഇല്ലാത്ത തരത്തില്‍ കേസ് വെറുതെ വിവാദമാക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേസില്‍ തുടരന്വേഷണം വേണ്ടെന്ന് അസിസ്റ്റ്ന്റ് കമ്മിഷണര്‍ കെ.രാധാകൃഷ്ണപിള്ള കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ജെയ്‌സണ്‍ കെ.ഏബ്രഹാമിന്റെ റിപ്പോര്‍ട്ട് കവറിങ് ലെറ്റര്‍ സഹിതം സമര്‍പ്പിക്കുകയാണു ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നഷ്ടപ്പെട്ടിട്ടില്ല. ആദ്യത്തെ കുട്ടി പീഡനത്തിന് ഇരയായിട്ടില്ല. രണ്ടാമത്തെ കുട്ടിയെ പരുക്കു മൂലം പരിശോധനയ്ക്കു വിധേയയാക്കിയില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംഭവത്തില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്കു പരാതിയോ സംശയമോ ഇല്ലെന്നും അറിയിച്ചിരുന്നു. ആത്മഹത്യയുടെ കാരണം പെണ്‍കുട്ടികള്‍ക്കു മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

എന്നാല്‍ കേസ് അട്ടിമറിക്കുന്നതിനുവേണ്ടിയാണ് രാധാകൃഷ്ണപിള്ളയെ കോഴിക്കോടേക്ക് മാറ്റിയതെന്ന് കെ.കെ ലതിക എം.എല്‍.എ കുറ്റപ്പെടുത്തി.

കോഴിക്കോട് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള നല്‍കിയ റിപ്പോര്‍ട്ട് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജെയ്‌സണ്‍. കെ എബ്രഹാമിന് കേസിന്റെ അന്വേഷണ ചുമതല നല്‍കണമെന്നും കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. തെളുവുകള്‍ ഇല്ലെന്നും കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാധാകൃഷ്ണപിള്ള റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കേസില്‍ ശ്രീദേവി ഒന്നാം പ്രതിയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി രണ്ടാം പ്രതിയുമാണ്.

കേസന്വേഷണത്തിനു ചുമതലയില്ലാത്ത ഉദ്യോഗസ്ഥനായ കോഴിക്കോട് നോര്‍ത്ത് അസി.കമ്മിഷണര്‍ രാധാകൃഷ്ണപിള്ള പ്രതികള്‍ക്കൊപ്പം നിന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍.കെ അബ്ദുല്‍ അസീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി തീരുമാനം.